മോഷണക്കേസ് പ്രതി മണിയറ അലവിക്കുട്ടി പിടിയില്‍

Posted on: August 13, 2016 12:53 pm | Last updated: August 13, 2016 at 12:53 pm
SHARE

MANIYARA ALAVIKKUTTI prathiമഞ്ചേരി: നിരവധി വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍. മഞ്ചേരി എസ് ഐ. എസ് ബി കൈലാസ് നാഥും സംഘവുമാണ് എടവണ്ണപ്പാറ വെട്ടുപാറക്കല്‍ അലവിക്കുട്ടി എന്ന മണിയറ അലവിക്കുട്ടി (36)യെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോഴിക്കോട് റോഡിലെ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന ഇറിഗേഷന്‍ വകുപ്പിന്റെ ബൊലറോ ജീപ്പ് ഇക്കഴിഞ്ഞ ജൂലൈ 26ന് പുലര്‍ച്ചെ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് അലവിക്കുട്ടി പിടിയിലായത്. അലവിക്കുട്ടിക്കെതിരെ മലപ്പുറം, താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍, അരീക്കോട്, പാലക്കാട് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.
2012ല്‍ അരീക്കോട്ടെ വിവാഹം നടന്ന വീട്ടിലെ മണിയറയില്‍ കയറി ഒളിച്ചിരുന്ന് ആഭരണങ്ങള്‍ കവര്‍ന്നതാണ് പ്രതിക്ക് മണിയറ അലവിക്കുട്ടി എന്ന പേര് ലഭിക്കാന്‍ കാരണം. പാലക്കാട് ടൗണ്‍ പോലീസ് പിടികൂടിയ കേസില്‍ ശിക്ഷയനുഭവിച്ച് ഇക്കഴിഞ്ഞ ജൂലൈ 22നാണ് അലവിക്കുട്ടി ജയില്‍ മോചിതനായത്. ബൊലറോ മോഷണത്തില്‍ വിദഗ്ധനായ അലവിക്കുട്ടി കൃത്യത്തിനായി ഉപയോഗിക്കുന്ന ഹാക്‌സോ ബ്ലേഡ് പൊട്ടിയതിനാലാണ് ഇറിഗേഷന്‍ വകുപ്പിന്റെ ജീപ്പ് മോഷണ ശ്രമം വിഫലമാകാന്‍ കാരണമായത്. മഞ്ചേരി സി ഐ സണ്ണി ചാക്കോയുടെ നിര്‍ദ്ദേശ പ്രകാരം എസ് ഐ നടത്തിയ അന്വേഷണത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം അസൈനാര്‍, പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here