മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: സിപിഐഎമ്മിനെതിരെ കെപിഎ മജീദ്

Posted on: August 13, 2016 11:59 am | Last updated: August 13, 2016 at 12:00 pm

22-1437559765-11-1418290855-kpa-majeedകോഴിക്കോട്: നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലാമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎമ്മിനെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ പാര്‍ട്ടി ശിക്ഷിച്ചുവെന്നും പാര്‍ട്ടി കോടതിയായി വര്‍ത്തിക്കുന്നുവെന്നും കെപിഎ മജീദ് പറഞ്ഞു.

അസ്ലാമിന്‍രെ കൊലപാതകത്തിനു പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സിപിഐഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്. കൈക്കും മുഖത്തും പരിക്കേറ്റ അസ്ലമിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയായിരുന്നു മരണം. അസ്ലാമിന്റെ കൊലപാതകത്തില്‍ ഇന്ന് വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.