Connect with us

Wayanad

ജില്ലാ മത്സ്യവിത്തുത്പാദന കേന്ദ്രത്തിനായി 1.60 കോടി അനുവദിച്ചു-സി കെ ശശീന്ദ്രന്‍ എം എല്‍എ

Published

|

Last Updated

വെങ്ങപ്പള്ളി: ജില്ലയിലെ അയ്യായിരത്തേളം മത്സ്യകര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ജില്ലാ മത്സ്യവിത്തുല്പാദന കേന്ദ്രത്തിനായി ഒരു കോടി അറുപത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുക്കുമ്മല്‍ പുതിയവീട് എം.കൃഷ്ണന്റെ കൃഷിയിടത്തില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം തന്നെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. ജില്ലയിലെ മത്സ്യകര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പദ്ധതി ഇതോടെ യാഥാര്‍ത്ഥ്യമാകും. സ്വന്തമായ മത്സ്യവിത്തുല്പാദന കേന്ദ്രം ആരംഭിക്കുന്നതോടെ ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനി കുളങ്ങളിലും കാരാപ്പുഴ, ബാണാസുരസാഗര്‍ എസ്.സി. എസ്.എസ്.ടി. റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘങ്ങള്‍ക്കും ആവശ്യമായ മത്സ്യവിത്ത് ഹാച്ചറിയില്‍ നിന്നും ലഭ്യമാകും. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തളിപ്പുഴയിലെ ഫിഷറീസ് വകുപ്പ് സ്ഥലത്താണ് പ്രതിവര്‍ഷം അമ്പത് ലക്ഷം മത്സ്യവിത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കേന്ദ്രം ആരംഭിക്കുക. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ.നാസര്‍, ജില്ലാ ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ജെസ്സി ജോണി, കെ.വി.രാജന്‍, ഒ.ബി.വസന്ത, പി.ഉസ്മാന്‍, പി.എന്‍.വിമല, കൊച്ചുറാണി, കെ.ശശീന്ദ്രന്‍, പി.വി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ബി.കെ.സുധീര്‍കിഷന്‍ സ്വാഗതവും എ.ജി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Latest