Connect with us

Sports

റഗ്ബിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഫിജി സ്വര്‍ണമണിഞ്ഞു

Published

|

Last Updated

ബ്രിട്ടനും ഫിജിയും തമ്മിലുള്ള റഗ്ബി മത്സരത്തിലെ ആവേശക്കാഴ്ച

റിയോ ഡി ജനീറോ: ദക്ഷിണ പസഫിക്കിലെ മുന്നൂറ് ചെറു ദ്വീപ് സമൂഹം അടങ്ങിയ ഫിജി ഒളിമ്പിക്‌സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. റഗ്ബിയില്‍ ബ്രിട്ടനെ കീഴടക്കി റിയോയില്‍ അവര്‍ സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിക്‌സില്‍ ഫിജിയുടെ ആദ്യ മെഡല്‍. 1956 മെല്‍ബണിന് ശേഷം ഒളിമ്പിക്‌സില്‍ ഫിജി പങ്കെടുക്കുന്നത് ഇപ്പോഴാണ്. അതിന് മുമ്പ് മത്സരിച്ചപ്പോഴും മെഡലുകളില്ലാതെ മടങ്ങിയ ഫിജി ദ്വീപുകാര്‍ റിയോയില്‍ അവരുടെ ദിനം ആഘോഷിച്ചു.
റഗ്ബി ഞങ്ങള്‍ക്ക് മതമാണ് എന്ന് പറയുന്ന ഫിജി ജനത റിയോ റഗ്ബി ഫൈനലില്‍ ഏകപക്ഷീയമായി ജയിച്ചു കയറി. 43-7നാണ് ബ്രിട്ടനെ തകര്‍ത്തത്.
മെഡല്‍ ദാന ചടങ്ങിലും ഫിജി ടീം വ്യത്യസ്തരായി. മെഡല്‍ കഴുത്തിലണിയാന്‍ ബ്രിട്ടീഷ് രാജകുമാരി ആന്‍ എത്തിയപ്പോള്‍ ഓരോ താരവും മുട്ടുകുത്തി മൂന്ന് തവണ കൈയ്യടിച്ചു.
കൊളോണിയല്‍ വാഴ്ചയുടെ കാലം കഴിഞ്ഞെങ്കിലും ഫിജി ജനത ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിന്റെ പ്രതീകമായി ചടങ്ങ്. വെള്ളി മെഡല്‍ സ്വീകരിക്കുമ്പോള്‍ ബ്രിട്ടീഷ് താരങ്ങള്‍ ഹസ്തദാനം മാത്രമാണ് ചെയ്തത്.
മൂന്ന് തവണ കൈയ്യടിച്ചത് എന്തിനാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അതവരുടെ പരമ്പരാഗതമായ ഒരു ആചാരമുറയാണ്. ഫിജിയന്‍ കാവ സെറിമണിയില്‍ പ്രയോഗിക്കുന്ന മുറ. രണ്ട് ഫിജി കുടുംബങ്ങള്‍ ഒത്തൊരുമിക്കുന്ന ആഘോഷ വേളയാണ് ഫിജിയന്‍ കാവ സെറിമണി.
ഫിജിയും ബ്രിട്ടനും തമ്മിലുള്ളബന്ധം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. കപ്പല്‍ തകര്‍ന്നപ്പോള്‍ കടല്‍ താണ്ടിയെത്തിയവരും ആസ്‌ത്രേലിയയില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളികളും ചന്ദനവ്യാപാരികളും മിഷനറി പ്രവര്‍ത്തകരുമായി ഫിജിയിലേക്ക് ഒരൊഴുക്കുണ്ടായി. 1879 മുതല്‍ പഞ്ചസാര ഉത്പാദന രംഗത്തുള്ള കാര്‍ഷികവൃത്തിയില്‍ ഉപജീവനം തേടി. ഇരുപതാം നൂറ്റാണ്ടോടു കൂടി സാമ്പത്തിക മേഖലയില്‍ കാര്യമായ ഉണര്‍വുണ്ടായി. ലോകത്തെ പ്രധാന പഞ്ചസാര ഉദ്പാദന കേന്ദ്രം, ടൂറിസം, വ്യവസായങ്ങള്‍ ഫിജിക്ക് ഉണര്‍വേകി. 1970 മുതല്‍ ബ്രിട്ടന്റെ കോളനിയായിരുന്ന ഫിജി ചെറുകിട തൊഴില്‍ മേഖലയിലും ശക്തമാണ്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ഫിജി ഏറെ മുന്നോട്ട് പോയി. ദക്ഷിണ പസഫിക് രാജ്യങ്ങളില്‍ ഫിജിയുടെ സാമ്പത്തിക മേഖല ഭേദപ്പെട്ടതാണ്.

Latest