ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകള്‍ സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക്

Posted on: August 13, 2016 4:38 am | Last updated: August 13, 2016 at 12:38 am

കൊച്ചി: ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്‍മാരുടെ വിധവകളും ബന്ധുക്കളും സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലേക്ക്. രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബാഗങ്ങളെ ആദരിക്കാന്‍ സൈനിക് വെല്‍ഫെയര്‍ ബോര്‍ഡും രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി അലുമിനി അസോസിയേഷനും സംയുക്തമായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ മാത്രം 300 ജവാന്‍മാരുടെ കുടുംബങ്ങള്‍ അനാധമായിട്ടുണ്ട്. പലരും സ്വന്തം മക്കളുടെ മുഖം പോലും കാണാതെയാണ് കൊല്ലപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ സമാനമാണ്. ശത്രു രാജ്യത്തുള്ളവരും ഇതേവേദന അനുഭവിക്കുന്നു. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും ഈ ശ്രമത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാനിലേക്ക് പോകന്‍ തയ്യാറെടുക്കുന്നതെന്നും ജവാന്‍മാരുടെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, കേരളത്തിലുള്ളവര്‍ക്ക് ജവാന്‍മാരോട് പുച്ഛമാണെന്ന് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ കെ.കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞു. രാജ്യരക്ഷക്ക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും രക്തസാക്ഷിത്വം വഹിച്ചവരുടെ ബന്ധുക്കള്‍ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ പൊതുജനങ്ങള്‍ തയ്യാറാവണം. ഇന്ത്യന്‍ സൈന്യത്തിലുള്ളവരുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനമാണ് കേരളത്തിന്. പുതുതലമുറ സൈനികവൃത്തി ഒരു പ്രൊഫഷനാക്കി മാറ്റി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണം.
രാജ്യ സുരക്ഷക്കായി ജീവന്‍ ബലി അര്‍പ്പിച്ചവരെ ഓര്‍മിക്കാനും അവരുടെ ബന്ധുക്കളെ ആദരിക്കാനും മുന്നിട്ട് ഇറങ്ങിയ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് റിജിന്‍ ജോണിനെ പൊതു സമൂഹം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
1965 – 73ല്‍ നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളും സഹോദരങ്ങളുമാണ് പരംത്യാഗചക്ര എന്ന ബഹുമതി ഏറ്റു വാങ്ങിയത്. സിവിലിയന്‍ ബഹുമതിക്ക് അര്‍ഹരായത്. 1971ല്‍ കൊല്ലപ്പെട്ട സി.പി കുര്യനു വേണ്ടി സഹോദരന്‍ പോള്‍.സി.പൗലോസ്, നായിക്. പി. ദിവാകരനു വേണ്ടി സഹോദരന്‍ പി. ബാലകൃഷ്ണന്‍, ശ്രീധരന്‍ ദാസിന്റെ ഭാര്യ ശാരദ ദാസ്, 1965ല്‍ കൊല്ലപ്പെട്ട സി. കെ രാമന്‍ നായര്‍ക്കു വേണ്ടി ഭാര്യ വി.എ മീനാംബിക, 1973ല്‍ കൊല്ലപ്പെട്ട എ. പൗലോസിനു വേണ്ടി ഭാര്യ ശോശാമ്മ പൗലോസ് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.