Connect with us

National

മേല്‍പ്പാല അപകടത്തിന് കാരണം രൂപകല്‍പ്പനയിലെ അശാസ്ത്രീയത

Published

|

Last Updated

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിക്കുന്ന മേല്‍പ്പാലം തകര്‍ന്നത് രൂപകല്‍പ്പനയിലെ അശാസ്ത്രീയത കാരണവും ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചത് കൊണ്ടുമാണെന്ന് വിദഗ്ധ സമിതി കണ്ടെത്തി. ഐ ഐ ടിയിലെ മുന്‍ അധ്യാപകന്‍ ആനന്ദപ്രാണ്‍ ഗുപ്ത അധ്യക്ഷനായ സമിതിയാണ് മമതാ സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ മാര്‍ച്ച് 31നാാണ് മേല്‍പ്പാലം തകര്‍ന്ന് വീണത്. അപകടത്തില്‍ 27 പേര്‍ മരിച്ചിരുന്നു.
പാലം നിര്‍മാണത്തില്‍ രണ്ട് പ്രധാന പാളിച്ചയാണ് കണ്ടെത്തിയത്. അശാസ്ത്രീയമായ രൂപകല്‍പ്പനയാണ് തകര്‍ച്ചയുടെ ആക്കം കൂട്ടിയത്. ഗുണനിലവാരം കുറഞ്ഞ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചതും മേല്‍നോട്ടത്തില്‍ വന്ന പാളിച്ചയും പാലം തകരാന്‍ കാരണമായി. ഗുപ്തയെ കൂടാതെ റിട്ടയേഡ് പ്രൊഫസറായ സ്വാപന്‍ മജൂംദാറും സമിതിയില്‍ അംഗമായിരുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നത് വിദഗ്ധ സമിതിയോട് സര്‍ക്കാര്‍ ആരാഞ്ഞിരുന്നു.
കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ വികസന ഏജന്‍സിക്കാണ് പ്രവൃത്തിക്ക് അനുമതി ലഭിച്ചത്. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയാണ് പാലം നിര്‍മാണം നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ അടക്കം 10 പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോഴും ജയിലിലാണ്.

Latest