മര്‍ദമാപിനികള്‍ പ്രവര്‍ത്തനക്ഷമമാക്കിയില്ല; ഉപസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു

Posted on: August 13, 2016 4:22 am | Last updated: August 13, 2016 at 12:25 am

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച ഉപസമിതി സീപേജ് ജലത്തിന്റെ അളവെടുക്കാതെ മടങ്ങി. മാസങ്ങളായി പ്രവര്‍ത്തിക്കാത്ത അണക്കെട്ടിലെ മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തനക്ഷമമെന്ന് വരുത്തിതീര്‍ക്കാന്‍ തമിഴ്‌നാട് ഒരുക്കിയ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞത് മൂലം സീവേജ് വെളളത്തിന്റെ അളവ് രേഖപ്പെടുത്താതെ ഉപസമിതി മടങ്ങുകയായിരുന്നു. പ്രധാന അണക്കെട്ടിലും സ്പില്‍വേയിലും ഗാലറികളിലും സമിതി പരിശോധന നടത്തി.
ഗാലറിക്കുള്ളിലെ വി നോച്ചില്‍ നിന്നുമാണ് സീപേജ് വെള്ളത്തിന്റെ അളവ് ശേഖരിക്കുന്നത്. എന്നാല്‍ ഇത്തവണ സീപേജ് വെള്ളം ഗാലറിയില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദ്ദ മാപിനികളിലേക്ക് തുറന്നു വിടുകയാണ് തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചെയ്തത്. കേരളം ആവശ്യപ്പെടാതെയായിരുന്നു തമിഴ്‌നാടിന്റെ ഈ നീക്കം. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ മര്‍ദ്ദ മാപിനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സുപ്രീം കോടതി നിയോഗിച്ച മേല്‍ നോട്ട സമിതിയില്‍ കേരളം പരാതിപ്പെട്ടിരുന്നു. ആറുമാസത്തിനുള്ളില്‍ ഇവ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് മേല്‍ നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മര്‍ദ്ദ മാപിനികള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് വരുത്തി തീര്‍ക്കുന്നതിനാണ് തമിഴ്‌നാട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
വീനോച്ചില്‍ നിന്നും ഇത്തവണ സീപേജ് വെള്ളത്തിന്റെ അളവ് ശേഖരിച്ചിരുന്നെങ്കില്‍ മുല്ലപ്പെരിയാറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവാകും ലഭിക്കുക. ഇത് തമിഴ്‌നാടിന് അനുകൂലമായി മാറാനുള്ള സാധ്യതയുണ്ട്. ഇതോടെ തമിഴ്‌നാടിന്റെ കുതന്ത്രം മനസിലാക്കിയ സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ സീപേജിന്റെ അളവ് ശേഖരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
സ്പില്‍വേക്ക് സമീപം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ട് എസ്റ്റിമേറ്റ് ഉള്‍പ്പെടെയുള്ള കത്ത് തമിഴ്‌നാട് ഉപസമിതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പണികള്‍ക്ക് ആവശ്യമുള്ള നിര്‍മാണ സാമഗ്രികളുടെ പിടങ്ങ് കണക്കാണ് തമിഴ്‌നാട് നല്‍കിയ കത്തിലുള്ളത്. ഇതോടെ ഇതിന്‍മേല്‍ തീരുമാനം എടുക്കുന്നതിന് കത്ത് ഉപസമിതി ചെയര്‍മാന് കൈമാറി. ഈ കത്ത് അടുത്ത ദിവസം ഉപസമിതി ചെയര്‍മാന്‍ മേല്‍നോട്ട സമിതി ചെയര്‍മാന് കൈമാറും.
മാത്രമല്ല പ്രധാന അണക്കെട്ടിന്റെ ഒരു ഭാഗത്ത് പാരപ്പെറ്റിന് ഉയരക്കുറവുള്ളതിനാല്‍ ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ പണികള്‍ നടത്തുന്നതിന് തമിഴ്‌നാട് ഇനിയും തയ്യാറായിട്ടില്ല.
ആഴ്ചയില്‍ ഒരിക്കല്‍ സമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തണമെന്ന് കഴിഞ്ഞ യോഗത്തില്‍ മേല്‍നോട്ട സമിതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം മുടങ്ങുകയായിരുന്നു. ഈ മാസം 26 ന് വീണ്ടും അണക്കെട്ടില്‍ പരിശോധന നടത്തുന്നതിനും ഉപസമിതി യോഗത്തില്‍ തീരുമാനമായി.
ഇന്നലെ രാവിലെയാണ് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി ചെയര്‍മാനും സംസ്ഥാന ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, എന്‍ .എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ സാം ഇര്‍വ്വിന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മാധവന്‍ എന്നിവര്‍ അംഗങ്ങളായുള്ള ഉപ സമിതി അണക്കെട്ടില്‍ എത്തിയത്.