Connect with us

International

ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന് പാര്‍ട്ടി പണം ചെലവഴിക്കരുതെന്ന് ആവശ്യം

Published

|

Last Updated

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവാദ നായകന്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കലാപമുയരുന്നു. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മത്സരത്തിനുള്ള ക്യാമ്പയിന് വേണ്ടി പാര്‍ട്ടി പണം ചെലവഴിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഴുപതിലധികം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിക്ക് കത്തെഴുതി. ഡൊണാള്‍ഡ് ട്രംപ് ആളുകള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നയാളാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ വീണ്ടുവിചാരമല്ലാത്തയാളും അയോഗ്യനും ജനസമ്മതിയില്ലാത്ത വിഷയത്തില്‍ റെക്കോര്‍ഡുള്ളയാളുമാണ്. ഇദ്ദേഹവുമായി മുന്നോട്ടുപോകുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ചരിത്ര വിജയം തന്നെ നല്‍കും- റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ റിന്‍സ് പ്രീബസിനയച്ച കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന് നല്‍കുന്ന പാര്‍ട്ടി ഫണ്ട് എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാകില്ല. ഓരോ ദിവസം കഴിയുന്തോറും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകാനുള്ള സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളില്‍ നിന്നും ലക്ഷക്കണക്കിന് പേര്‍ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തു വരുന്നു. ഇതെല്ലാം അടുത്തിടെ അദ്ദേഹം നടത്തിയ ക്യാമ്പയിന്റെ ഫലമായുണ്ടായതാണ്. ലക്ഷക്കണക്കിന് വോട്ടര്‍മാരെ അദ്ദേഹം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇവരില്‍ വികലാംഗരും സ്ത്രീകളും മുസ്‌ലിംകളും കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്നു- കത്തില്‍ അവര്‍ വ്യക്തമാക്കി.
അധികാര രാഷ്ട്രീയത്തിന്റെ അപകടം അദ്ദേഹത്തില്‍ പ്രകടമാണ്. ഒരു മതത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും രാജ്യത്തേക്ക് കടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. തടവുകാരെ പീഡിപ്പിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് നിയമത്തെ വെല്ലുവിളിക്കുന്നു. ഭീകരവാദികളെന്ന് സംശയിക്കുന്നവരുടെ കുടുംബാംഗങ്ങളെ വധിക്കാന്‍ ഉത്തരവിടുന്നു തുടങ്ങി അപകടകരമായ നിലപാടുകളാണ് അദ്ദേഹത്തിനുള്ളതെന്നും കത്തിലുണ്ട്.

---- facebook comment plugin here -----

Latest