Connect with us

Kerala

അഞ്ച് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 36 കോടി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ കവര്‍ന്നെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നിത്യേനയെന്നോണം വര്‍ധിക്കുമ്പോഴും പ്രതികളെ വലയിലാക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 182 ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളിലായി 136 പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസുകളില്‍ 46 പ്രതികളെ മാത്രമാണ് വര്‍ഷങ്ങളായിട്ട് പോലീസിന് നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞത്.
2011 അവസാനം മുതല്‍ 2016 തുടക്കം വരെയായി 36,66,91033 രൂപയും 54500 ഡോളറുമാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. പോലീസില്‍ ലഭിച്ച പരാതി അനുസരിച്ചുള്ള കണക്കാണിത്. പലരും പുറത്ത് പറയാന്‍ മടിച്ച് നില്‍ക്കുകയാണ്. യാഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയാകുമെന്നാണ് പോലീസിന്റെ പക്ഷം. വിവിധ തരം ഓണ്‍ലൈന്‍ തട്ടിപ്പുകളുള്ളതിനാല്‍ ഇതില്‍ ആളുകള്‍ കുടുങ്ങുക പതിവാണ്. സാധാരണക്കാര്‍ മുതല്‍ വിദ്യാര്‍ഥികള്‍, ഐ ടി പ്രൊഫഷനലുകള്‍ തുടങ്ങി ഏതു തരത്തിലുള്ളവരും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങുന്നുണ്ട്.
വ്യാജ പേരില്‍ പണം വാങ്ങുക, വ്യാജ ഫോട്ടോകള്‍, വ്യാജ ഇമെയിലുകള്‍, കള്ള പ്രമാണങ്ങള്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ നല്‍കുക തുടങ്ങി പല തരത്തിലാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. കേസിലെ പ്രതികള്‍ പലപ്പോഴും രാജ്യത്തിനു പുറത്തുള്ളവരുള്‍പ്പടെയായതിനാലും പോലീസിന്റെ അന്വേണത്തിനുള്ള പരിമിതിയുമെല്ലാമാണ് ഇവരെ പിടികൂടുന്നതിനുള്ള സാവകാശത്തിനിടയാക്കുന്നത്. അതേ സമയം കേരളത്തിലെ സൈബര്‍ പോലീസ് സംവിധാനം കാര്യക്ഷമമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി ഇത്തരം കേസിലെ പ്രതികളെ പിടികൂടാന്‍ ഐ ടി വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി നൂതന സംവിധാനം ആവിഷ്‌കരിച്ചിട്ടുമുണ്ട്.
സാധാരണയായി ഒരാളുടെ ഓണ്‍ലൈന്‍ ബേങ്കിംഗ് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മുതലായ സ്വകാര്യ വിവരങ്ങള്‍ നല്‍കുമ്പോഴാണ് തട്ടിപ്പ് ആരംഭിക്കുക. “നിങ്ങള്‍ ദശലക്ഷം ഡോളറിന്റെ ലോട്ടറി നേടി” എന്ന തരത്തിലുള്ള ഒരു ഇമെയില്‍ സന്ദേശം വഴി തുടങ്ങുന്ന ലോട്ടറി തട്ടിപ്പാണ് കൂടുതലായി നടക്കുന്നത്. സമ്മാനം ലഭിച്ചെന്ന സന്ദേശം ലഭിച്ചാല്‍ മറുപടിയായി അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കുന്നതാണ് പലപ്പോഴും തട്ടിപ്പിലേക്കെത്തിക്കുന്നത്.
ഇത്തരം മെയിലിടപാടുകള്‍ ഭീമമായ തുകകള്‍ നഷ്ടമാക്കുന്നതിലാണ് കലാശിക്കുക. നിങ്ങളൊരു വെബ് ക്യാം ജയിച്ചുവെന്നും ഇനി ചെയ്യേണ്ടത് താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും കൈകാര്യ ചാര്‍ജുകള്‍ക്കായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണമെന്നുമുള്ള അറിയിപ്പ് നല്‍കുകയും ചെയ്യും. ഇതു വഴി പണം തട്ടുകയും ചെയ്യും.
തട്ടിപ്പില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ഫിഷിംഗ് തട്ടിപ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങളോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ഒരു ലിങ്കിനൊപ്പം നല്‍കാന്‍ സന്ദേശം അയക്കുന്നു. സാധാരണ ഈ ലിങ്കുകള്‍ ബേങ്കില്‍ പൂരിപ്പിക്കുന്നതിന് സമാനമായിരിക്കും. ലിങ്ക് വഴി വിവരങ്ങള്‍ പൂരിപ്പിച്ച് അയക്കുമ്പോള്‍ അത് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും പണം അപഹരിക്കുകയും ചെയ്യുന്നു.
ഓണ്‍ ലൈന്‍ ലേലമാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്ന മറ്റൊരു സംവിധാനം. ലേലത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ ഒരു ഉത്പന്നം ലേലത്തില്‍ പിടിച്ചാല്‍ അത് ലഭിക്കില്ലെന്ന് മാത്രമല്ല വന്‍തുക നഷ്ടപ്പെടുകയും ചെയ്യും. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് പ്രതികരിക്കുമ്പോള്‍ ഉത്പന്നം അയക്കാനുള്ള വിലാസവും പണവും ചോദിച്ച് പണം തട്ടുന്ന രീതിയും നിലവിലുണ്ട്.
വലിയൊരു തുക അനായാസമായി കൈയിലാക്കാം എന്ന് മോഹിപ്പിച്ച് വ്യക്തിഗതമായ പ്രമാണങ്ങള്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ബേങ്ക് അക്കൗണ്ടിനായി ഒരു അഡ്വാന്‍സ് തുക എന്നിവ നല്‍കുകയും തുടര്‍ന്ന് തുക നിക്ഷേപിച്ചു കഴിഞ്ഞാല്‍ മറ്റെല്ലാ ആശയവിനിമയവും അവസാനിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പുകളും നിലവിലുണ്ട്.
ആയിരം ഡോളര്‍ സമ്മാനം ലഭിച്ചു എന്ന മെയിലുകള്‍ വരുമ്പോള്‍ പങ്കെടുക്കാതെ എങ്ങനെ സമ്മാനം എന്ന് ആലോചിച്ചാല്‍ മാത്രം മതി ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാനെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത്തരം തട്ടിപ്പിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും പോലീസ് പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest