ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കുട്ടികള്‍ക്ക് കാഴ്ചയുടെ വെളിച്ചവുമായി ഖത്വര്‍ പദ്ധതി

Posted on: August 12, 2016 8:20 pm | Last updated: August 12, 2016 at 8:20 pm
SHARE

ദോഹ: കാഴ്ചയുടെ വ്യക്തതതിയിലേക്കു കുട്ടികളെ കൈപിടിച്ചു നടത്താന്‍ ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കാരുണ്യപദ്ധതി. ലോക യുവജനദിനാചരണത്തോടനുബന്ധിച്ചാണ് ഇന്ത്യയിലെയും ബംഗ്ലാദേശിലെയു ആയിരങ്ങള്‍ക്ക് സഹായമാകുന്ന നേത്ര ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.
കാഴ്ച ശക്തിയില്ലാത്തവരും കണ്ണിന് അസുഖമുള്ളവരുമായ കുട്ടികള്‍ക്ക് പരിശോധനയും ചികിത്സയുമാണ് പദ്ധതി വഴി നല്‍കുന്നത്. അടുത്ത നാലു വര്‍ഷത്തിനിടെ 55 ലക്ഷം പേര്‍ക്ക് ഗുണകമാകുന്ന ബൃഹദ് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് ക്യു ഡി എഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുമായും ആശുപത്രികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള കുട്ടികളെ കേന്ദ്രീകരിക്കുന്ന പദ്ധതി പുതിയ തലമുറയില്‍നിന്നും അന്ധത ഇല്ലായമ ചെയ്യാന്‍ ലക്ഷ്യം വെക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും നടത്തും. ഇതിനായി ഫീല്‍ഡ് വര്‍ക്ക്, അവതരണങ്ങള്‍, സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ തുടങ്ങിയവ നടത്തും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്യു ഡി എഫ് പ്രതിനിധികള്‍ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിച്ചു.
ഇരു രാജ്യങ്ങളില്‍നിന്നും ശേഖരിച്ച വിവരം അനുസരിച്ച് 473,000 കാഴ്ചശേഷിയില്ലാത്ത കുട്ടികള്‍ ഭാവി ഇരുളടഞ്ഞ് ജീവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലെ അന്ധത വര്‍ധിച്ചു വരുന്നുണ്ട്. ചികിത്സ ചെലവേറിയതായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും അത് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല.
കുട്ടികളിലെ അന്ധത 50 ശതമാനവും ചെറുപ്പത്തിലേയുള്ള ചികിത്സയിലൂടെ ഭേദമായിക്കിയെടുക്കാന്‍ കഴിയും. എന്നാല്‍ ചികിത്സക്കു സാധിക്കാതെയാണ് വലിയൊരു ശമതാനം പേരും ജീവിത്തില്‍ അന്ധരായി കഴിയേണ്ടി വരുന്നതെന്ന് ക്യു ഡി എഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഖത്വറിലും ലോക രാജ്യങ്ങളിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രാജ്യം എപ്പോഴും മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും ഈ നയത്തിന്റെ ഭാഗമായാണ് രണ്ടു രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ലോകത്തേക്ക് കണ്ണു തുറക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്നും ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ട് സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടര്‍ അലി അബ്ദുല്ല അല്‍ ദബ്ബാഗ് പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍, ദാനം ചെയ്യപ്പെടുന്ന കണ്ണുകള്‍ ഉപയോഗിക്കുന്നത് ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്ലൊരു ശതമാനം സമൂഹത്തിലേക്ക് പരിഹാരമെത്തിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു.
പ്രത്യേകിച്ച് പാവപ്പെട്ട ജനങ്ങളിലേക്ക്. ലോകം യുവജന ദിനം ആഘോഷിക്കുമ്പോള്‍ നാളെയുടെ യുവതയായി വളരേണ്ട സമൂഹത്തിന് കാഴ്ച നല്‍കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here