സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശനവേളയില്‍ ബുര്‍ഖ ഒഴിവാക്കണമെന്ന്‌

Posted on: August 12, 2016 6:52 pm | Last updated: August 13, 2016 at 1:59 pm

burkaദുബൈ: സ്വദേശി വനിതകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ നിഖാബ്, ബുര്‍ഖ പോലോത്ത മുഖാവരണങ്ങള്‍ ധരിക്കരുതെന്ന് ജനീവയിലെ യു എ ഇ നയതന്ത്ര കാര്യാലയം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലയിടത്ത് നിലവില്‍ ബുര്‍ഖ നിരോധനം നിലനില്‍ക്കുന്നുണ്ട്.
ഈ നിയമങ്ങളെ കുറിച്ച് വിശദീകരിച്ചാണ് നയതന്ത്ര കാര്യാലയ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ നിയമത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. അറബി ഭാഷയില്‍ ട്വീറ്റ് ചെയ്ത മുന്നറിയിപ്പില്‍ സ്വിസ് മേഖലയില്‍ നിരോധനം നിലനില്‍ക്കുന്ന പ്രദേശങ്ങളെ കുറിച്ചും അവിടങ്ങളില്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട യാത്രാ മുന്‍കരുതലുകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലുഗാനോ, ലോക്കര്‍നോ, മഗാഡിനോ, ബെല്യന്‍ സോന, അസ്‌ക്കേന, മെന്‍ഡ്രിസിയോ എന്നിവിടങ്ങളിലാണ് നിരോധനം നിലനില്‍ക്കുന്നത്. യാത്രാ വേളയില്‍ ലഗേജില്‍ സൂക്ഷിക്കാവുന്ന വസ്തുക്കളെ കുറിച്ചും ഗതാഗത സുരക്ഷാ നിയമങ്ങളെ കുറിച്ചും മുന്നറിയിപ്പില്‍ സൂചിപ്പിച്ചു. സഊദി അറേബ്യന്‍ സ്ഥാനപതി കാര്യാലയവും സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശിക്കുന്ന സ്വദേശിനികളോട് ബുര്‍ഖ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.