സിറാജ് വാര്‍ത്ത തുണയായി: തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി

Posted on: August 12, 2016 6:34 pm | Last updated: August 13, 2016 at 1:59 pm
SHARE

abudhabiഅബുദാബി: പത്ത് മാസമായി ദുരിത ജീവിതം നയിക്കുന്ന മുസഫ്ഫ ലെജന്‍ഡ് പ്രൊജക്റ്റ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ ക്യാമ്പില്‍ വന്നു തിരിച്ചു നല്‍കിയാതായി തൊഴിലാളികള്‍ അറിയിച്ചു. തൊഴില്‍ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. അധികൃതര്‍ പാസ്‌പോര്‍ട്ടുകള്‍ ക്യാമ്പില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
തൊഴിലാളികളുടെ ദുരിതങ്ങള്‍ വിശദീകരിച്ച് സിറാജില്‍ വാര്‍ത്ത വന്നതിന് ശേഷം വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദം ശക്തമായതാണ് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തൊഴിലാളികളുടെ ദുരിത ജീവിതം സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 തൊഴിലാളികളില്‍ എട്ടോളം പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഹരിശങ്കര്‍ എന്ന തൊഴിലാളി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ശക്തമായതാണ് അടിയന്തിരമായി പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ കാരണം. എന്നാല്‍ പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടിയ തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് വന്‍തുക പിഴ ഒടുക്കിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ. 10 മാസമായി തൊഴിലെടുക്കാത്ത തങ്ങള്‍ എങ്ങനെ പിഴ ഒടുക്കുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. കമ്പനിയുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഏകദേശം ഒരു വര്‍ഷം മുമ്പ് കമ്പനി ഇവരുടെ വിസ റദ്ദ് ചെയ്തിരുന്നു. അതിനാല്‍ തന്നെ മാസങ്ങളായി ഇവര്‍ രാജ്യത്തെ അനധികൃത താമസക്കാരാണ്. കഴിഞ്ഞ വര്‍ഷം തന്നെ തിരിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് പോകുവാന്‍ തങ്ങള്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതാണെന്നും തൊഴിലാളികള്‍ പറയുന്നു. ദിവസം 40 ദിര്‍ഹം തോതില്‍ ഓരോ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ദിവസ ചെലവിനായി 1,200 ദിര്‍ഹം നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നത്തില്‍ എംബസി നീതിപൂര്‍വമായ നടപടി സ്വീകരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് എംബസി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് സഹായം നല്‍കും
അബുദാബി: ദുരിത ജീവിതം നയിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം യു എ ഇ എക്‌സ്‌ചേഞ്ച് എത്തിക്കുമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി അറിയിച്ചു.
തൊഴിലാളികളുടെ ദുരിത വാര്‍ത്ത സിറാജ് പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുസഫ്ഫ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികളെ യു എ ഇ എക്‌സ്‌ചേഞ്ച് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. തൊഴിലാളികളുടെ ദുരിത വാര്‍ത്ത പുറത്ത് വന്നതിന് ശേഷം വിവിധ കോണുകളില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ എത്തുന്നത്. 10 മാസമായി ദുരിത ജീവിതം നയിക്കുന്ന തങ്ങളെ സഥാനപതി കാര്യാലയം പ്രത്യേക പരിഗണന നല്‍കി നാട്ടിലേക്ക് തിരികെ പോകുന്നതിന് സാഹചര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നാട്ടിലേക്ക് പോകണമെങ്കില്‍ ഓരോ തൊഴിലാളിയും 7,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ഒടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here