Kerala
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നന്ദി
തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നന്ദി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി കട്ജുവിന് നന്ദി അറിയിച്ചത്. ഒരു കേരളീയനെന്ന നിലയിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും അഭിമാനം തോന്നുന്നുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി എഫ്ബിയില്‍ കട്ജുവിന് നന്ദി കുറിച്ചത്.
കേരളം എക്കാലത്തും വ്യത്യസ്ത ജനവിഭാഗങ്ങളെയും മതങ്ങളേയും അംഗീകരിച്ചിട്ടുണ്ട്. ഇത് ജനാധിപത്യ മൂല്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഈ നാടിനെ സഹായിക്കുകയും ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളെയും നവോത്ഥാന നായകരെയും പോസ്റ്റില്‍ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നു.
എല്ലാ വിഭാഗത്തില്‍പെട്ടവരെയും സംരക്ഷിക്കുകയും എല്ലാവരുടേതുമാണ് ഇന്ത്യയെന്ന അനുഭവം ഉണ്ടാകുകയും വേണം. എങ്കില്‍മാത്രമേ ഇന്ത്യ, ഭരണഘടനാ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്ത യഥാര്‍ഥ ഇന്ത്യയായി മാറുകയുള്ളു. കേരളത്തിന് ഇത് സാധ്യമായിട്ടുണ്ടെന്നും പിണറായി എഫ്ബി പോസ്റ്റില്‍ പറയുന്നു.