Connect with us

Kerala

ആകാശവാണി കോഴിക്കോട് നിലയത്തില്‍ പ്രാദേശിക വാര്‍ത്തകള്‍ തുടരും

Published

|

Last Updated

കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗം നിലനിര്‍ത്താന്‍ തീരുമാനം. കോഴിക്കോട്, ഇന്‍ഡോര്‍, പൂനെ, ദിബ്രുഗര്‍, ബുജ്, ധാവാദ്, ട്രിച്ചി, കോഴിക്കോട് തുടങ്ങിയ പ്രാദേശിക വാര്‍ത്താ കേന്ദ്രങ്ങള്‍ സാധാരണ രീതിയിലുള്ള വാര്‍ത്താ ബുള്ളറ്റിനുകളും തലക്കെട്ട് വാര്‍ത്തകളും പ്രോഗ്രാമുകളും മറ്റൊരു ഉത്തരവ് വരുന്നതുവരെ തുടര്‍ന്നും നല്‍കണമെന്ന് ആകാശവാണി ഡയരക്ടര്‍ ജനറല്‍ (ന്യൂസ്) ഉത്തരവില്‍ പറയുന്നു.
അലഹബാദ്, പൗരി, ജലന്ധര്‍, പാട്യാല, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ലേഖകര്‍ മറിച്ചൊരു ഉത്തരവുണ്ടാകുന്നതുവരെ അവരുടെ ജോലികള്‍ തുടര്‍ന്നും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രാദേശിക വാര്‍ത്താ വിഭാഗം നിര്‍ത്തലാക്കാന്‍ നീക്കമുണ്ടായിരുന്നു. അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വാര്‍ത്താവിഭാഗത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച അനൗദ്യോഗിക നിര്‍ദേശം ലഭിച്ചിരുന്നു. ഇതിനെതിരെ വിവിധ രംഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രസ്തുത വാര്‍ത്താ വിഭാഗങ്ങള്‍ നിലനിര്‍ത്താന്‍ തീരുമാനമുണ്ടായത്. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്ന കോഴിക്കോട് വാര്‍ത്താ വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു നീക്കം. മലബാറിന്റെ സംസ്‌കാരം, സാമ്പത്തിക, സാമൂഹിക പ്രത്യേകതകള്‍ തുടങ്ങിയവ പരിഗണിച്ച് 1966ലാണ് കോഴിക്കോട് വാര്‍ത്താവിഭാഗത്തിന് തുടക്കം കുറിച്ചത്. മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി നിലയത്തില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് 1966ല്‍ കോഴിക്കോട് വാര്‍ത്താ വിഭാഗം ആരംഭിച്ചത്. തുടക്കം മുതലേ രാജ്യത്ത് തന്നെ മാതൃകയായ രീതിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു കോഴിക്കോട്ടെ വാര്‍ത്താ കേന്ദ്രം.
ആകാശവാണിയുടെ പരിപാടികള്‍ സംബന്ധിച്ച് ശ്രോതാക്കളില്‍ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുന്ന ഓഡിയന്‍സ് റിസര്‍ച്ച് വിംഗിന്റെ വിലയിരുത്തലില്‍ സംസ്ഥാനത്ത് മുന്‍പന്തിയിലുള്ളത് രാവിലെ 6.45ന് കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാര്‍ത്തകളാണ്. നിലവില്‍ ഏഴ് വാര്‍ത്താബുള്ളറ്റിനുകളാണ് കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്. പത്ത് മിനിട്ട് വീതമുള്ള അഞ്ച് ബുള്ളറ്റിനുകള്‍ക്ക് പുറമേ രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള എഫ് എം പ്രധാനവാര്‍ത്തകളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ആനുകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്താതരംഗിണി, വാര്‍ത്താ പത്രിക, ജില്ലാവൃത്താന്തം എന്നീ വാര്‍ത്താധിഷ്ഠിത പരിപാടികളും കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നു. നാല് സ്ഥിരം ജീവനക്കാരും 60 കാഷ്വല്‍ ജീവനക്കാരുമാണ് കോഴിക്കോട്ടെ വാര്‍ത്താ കേന്ദ്രത്തില്‍ പവര്‍ത്തിക്കുന്നത്.