62 യാത്രക്കാരുമായി പറന്ന വിമാനം ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു

Posted on: August 12, 2016 12:50 am | Last updated: August 12, 2016 at 12:50 am

ലണ്ടന്‍: ബ്രട്ടനില്‍ 62 യാത്രക്കാരുമായി പറന്ന വിമാനം ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് ഒഴിവായി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ന്യൂക്വേ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനം 900 അടി താഴ്ചയില്‍ പറക്കുന്നതിനിടെ വിമാനത്തിനരികില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പോലീസ് പ്രദേശത്ത് ഡ്രോണിനായി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്ന ഫലം. അസാധാരണ സംഭവമായാണ് പോലീസുകാര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഡ്രോണ്‍ പറത്തിയയാളെ കുറിച്ച് വിവരം നല്‍കാന്‍ ആളുകളോട് പോലീസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് വന്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ എയര്‍ ട്രാഫിക് ഏരിയയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് കോര്‍ണ്‍വാല്‍ വിമാനത്തവാളത്തിലെ വക്താവ് പറഞ്ഞു.
വിമാനവും ഡ്രോണും തമ്മിലുള്ള കൂട്ടിയിടി തലനാരിഴക്കാണ് ഒഴിവായത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഈ മേഖലകളില്‍ ഡ്രോണുകള്‍ പറത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ നിന്ന് ലണ്ടന്‍ വിമാനത്താവളത്തിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 40 ഡ്രോണുകള്‍ ഇത്തരത്തില്‍ വിമാനവുമായി കൂട്ടിയിടിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയം പറയുന്നു.