ഇസിലിനെതിരെ റഷ്യയും തുര്‍ക്കിയും സംയുക്ത പോരാട്ടത്തിന്‌

Posted on: August 12, 2016 5:48 am | Last updated: August 12, 2016 at 12:48 am
SHARE

അങ്കാറ: സിറിയയില്‍ ഇസിലിനെതിരെ തുര്‍ക്കിയും റഷ്യയും സംയുക്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്തമായി ഇസില്‍ വിരുദ്ധ പോരാട്ടത്തിന് സാധ്യത ഉയര്‍ന്നുവന്നിരിക്കന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വഷളായിരുന്ന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.
സംയുക്ത പോരാട്ടത്തിന് റഷ്യയോട് ആവശ്യപ്പെട്ടതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്‌ലു പറഞ്ഞു. എല്ലാ കാര്യങ്ങളും വിശതമായി തന്നെ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഇസിലിനെതിരെ സംയുക്ത പോരാട്ടത്തിന് റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഭീകരവാദികള്‍ക്കെതിരെ യോജിച്ച പ്രതിരോധവും മുന്നേറ്റവും ആണ് വേണ്ടത്. അല്ലാതിരുന്നാല്‍ ഇസില്‍ ഭീകരവാദികള്‍ കൂടുതല്‍ പരക്കുകയും മറ്റു രാജ്യങ്ങളിലേക്ക് കൂടി അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യും- എന്‍ ടി വി ടെലിവിഷന് നല്‍കിയ അഭിമുഖത്തലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം റഷ്യയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തിയത്. തുര്‍ക്കി അതിര്‍ത്തിയില്‍ അതിക്രമിച്ചുകയറി റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആഴത്തിലുള്ള വിള്ളല്‍ വീണിരുന്നു. എന്നാല്‍ ഈ ബന്ധം പുനസ്ഥാപിക്കുക എന്ന ലക്ഷ്യവും ഉര്‍ദുഗാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നിലുണ്ടായിരുന്നു. അതിന് പുറമെ കഴിഞ്ഞ മാസം 15ന് തുര്‍ക്കിയില്‍ നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് ആദ്യമായി സന്ദര്‍ശിക്കുന്ന രാജ്യവും റഷ്യയായിരുന്നു.
ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ തുര്‍ക്കി സഹകരിക്കുന്നില്ലെന്ന് നാറ്റോ സഖ്യത്തിലംഗങ്ങളായ പാശ്ചാത്യന്‍ രാജ്യങ്ങള്‍ നേരത്തെ തുര്‍ക്കിക്കെതിരെ വിമര്‍ശമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here