Connect with us

Articles

ആരോഗ്യത്തോടെ ജീവിക്കാന്‍ പഠിക്കാം

Published

|

Last Updated

ആരോഗ്യത്തിനും അതിന് ഗുണമാവുന്ന ജീവിതക്രമത്തിനും ഇസ്‌ലാം വലിയ പരിഗണന നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷിക്കപ്പെടുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനും ഇസ്‌ലാം നിര്‍ദേശം നല്‍കുന്നു. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഭക്ഷണക്രമം, വിശ്രമം, വ്യായാമം എന്നിവയിലെല്ലാം ഇസ്‌ലാമിക പാഠങ്ങളും നിര്‍ദേശങ്ങളുമുണ്ട്. ഇസ്‌ലാമികമായ വിധിവിലക്കുകള്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യ സംരക്ഷണവും രോഗ പ്രതിരോധവും സാധിക്കുന്നു.
ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുകയും അനാരോഗ്യ കാരണങ്ങളെ വര്‍ജിക്കുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്നതും ഇസ്‌ലാമിക പാഠങ്ങളിലുള്‍പ്പെടുന്നു. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാല്‍ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല ആരോഗ്യ സംരക്ഷണം അടിസ്ഥാനപ്പെടുന്നത്. ആരോഗ്യത്തിന് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കാനുപകരിക്കുന്ന ജീവിത ശീലങ്ങള്‍ അനുവര്‍ത്തിക്കുകയാണ് വേണ്ടത്. വ്യത്യസ്ത കാരണങ്ങളാല്‍ പല രോഗങ്ങളും മാനവരാശിയുടെ കൂടെെയന്നുമുണ്ടായിട്ടുണ്ട്. സാധ്യമായ ചികിത്സാമുറകള്‍ സ്വീകരിക്കാന്‍ എക്കാലത്തെയും മനുഷ്യര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. നാം ജീവിക്കുന്ന കാലത്തും സമൂഹത്തിലും ഭീതിപ്പെടുത്തുന്ന പല രോഗങ്ങളുമുണ്ട്. രോഗാണു ജന്യമായ രോഗങ്ങള്‍, നാം ഇടപഴകുന്നതും അല്ലാത്തതുമായ ജന്തുജന്യ രോഗങ്ങള്‍, അവയില്‍ തന്നെ സാംക്രമിക രോഗങ്ങള്‍, മാരകരോഗങ്ങള്‍ എന്നിങ്ങനെ. നമ്മുടെ അശ്രദ്ധയും അലംഭാവവും കാരണമുണ്ടായിത്തീരുന്ന രോഗങ്ങള്‍, ദുശ്ശീലങ്ങളുടെ ഭാഗമായുണ്ടാകുന്ന രോഗങ്ങള്‍, പരിസര മലിനീകരണം കൊണ്ടുണ്ടായിത്തീരുന്ന രോഗങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ നാം ബോധവാന്‍മാരാകുകയും സ്വയം ചിട്ടപ്പെടാന്‍ തയ്യാറാവുകയും ചെയ്താല്‍ ആരോഗ്യത്തോടെയും രോഗം വരാതെയും ഒരു പരിധിവരെ ജീവിക്കാനാകും. രോഗാണുജന്യ രോഗങ്ങളെക്കാള്‍ ഇക്കാലത്ത് മാനവരാശിയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത് ജീവിത ശൈലീ രോഗങ്ങളാണ്. പരമ്പരാഗതവും ഹിതവുമായ ഭക്ഷണശീലവും ശാരീരിക ശേഷി വിനിയോഗ ശീലവും ഉപേക്ഷിച്ചതിന്റെ തിക്തഫലങ്ങളാണ് യഥാര്‍ഥത്തില്‍ ജീവിത ശൈലി രോഗങ്ങള്‍. വ്യായാമം ചെയ്യുന്നത് ഗുണകരമാണ്. പ്രഭാതത്തിലെ നടത്തം പൊതുവെ ഉപകാരപ്രദമാണ്. സുബ്ഹി നിസ്‌ക്കാരത്തിന് പള്ളിയിലേക്കും തിരിച്ചും കാല്‍നടയാത്രയാക്കിയാല്‍ ഈ ഗുണം ലഭിക്കും. ചെറിയ ആവശ്യങ്ങള്‍ക്കും ചെറിയ ദൂരത്തിനും വാഹനം ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും വിളമ്പുമ്പോഴും ശുചിത്വം പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നയാളിന്റെ വ്യക്തിശുചിത്വം പ്രധാനമാണ്. കൈയില്‍ മുറിവ്, വ്രണം, പകര്‍ച്ച വ്യാധികള്‍ എന്നിവയുള്ളവര്‍ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യാതിരിക്കുക. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ആവശ്യത്തിന് മാത്രം പാകം ചെയ്ത് ഉടന്‍ കഴിക്കുക. കൂടുതല്‍ പാകം ചെയ്തിട്ടുണ്ടെങ്കില്‍ ആവശ്യമില്ലാത്തത് ഉടന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മണിക്കൂറുകള്‍ പുറത്ത് വെച്ച ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വെക്കുന്നത് ബാക്ടീരിയ ബാധക്ക് കാരണമാകും. ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നേരിയ ഉപ്പുലായനിയിലും തുടര്‍ന്ന് ശുദ്ധജലത്തിലും രണ്ടോ മൂന്നോപ്രാവശ്യം കഴുകുന്നത് അതിലടങ്ങിയ വിഷാംശങ്ങള്‍, ബാക്ടീരിയ എന്നിവയെ അകറ്റുന്നതിന് സഹായിക്കുന്നു. പാര്‍സലായി ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ സമയം പുറത്ത് സൂക്ഷിക്കാതിരിക്കുക. യാത്രാ വേളകളില്‍ പാകം ചെയ്ത മുട്ട, മത്സ്യം, മാംസാഹാരങ്ങള്‍ കഴിവതും കൂടെ കരുതാതിരിക്കുക. കാരണം ഇവയില്‍ വളരെ വേഗം ബാക്ടീരിയ വളര്‍ന്ന് ഭക്ഷ്യവിഷബാധക്ക് കാരണമാകാന്‍ സാധ്യത ഏറെയാണ്. പരിസര മലിനീകരണത്തിലൂടെയും ക്ഷുദ്ര ജീവികളിലൂടെയുമുണ്ടാകുന്ന പല രോഗങ്ങളുമുണ്ട്. മഴക്കാലത്തും ചീഞ്ഞുനാറിയ സാഹചര്യത്തിലും പ്രത്യക്ഷപ്പെടുന്നവയാണേറെ. അവയുടെ അടിസ്ഥാന കാരണങ്ങള്‍ പലപ്പോഴും എലി, കൊതുക്, വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, വൃത്തിഹീനമായ ശീലങ്ങള്‍ എന്നിവയായിരിക്കും. എലികള്‍, കൊതുകുകള്‍ തുടങ്ങിയ വളരുകയും വംശവര്‍ധന നടത്തുകയും ചെയ്യുന്നതിന് അനുകൂലമായ പരിസരത്തെ നാം തന്നെയാണ് സൃഷ്ടിക്കുന്നത്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന ഇസ്‌ലാമിക പാഠത്തിന്റെ പ്രാധാന്യമിതാണ്. മുഹമ്മദ് നബി(സ)പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുക. അല്ലാഹു വൃത്തിയും ശുദ്ധിയും ഇഷ്ടപ്പെടുന്നവനാണ്. എലികളെ നശിപ്പിക്കാന്‍ പൊതുവായ നിര്‍ദ്ദേശമാണ് ഇസ്‌ലാം നല്‍കുന്നത്. വഴിയിലെ വൃത്തികേടുകളും വിഷമതകളും നീക്കുന്നത് സത്യവിശ്വാസത്തിന്റെ അടയാളങ്ങളിലൊന്നായി നബി(സ) പഠിപ്പിക്കുന്നുണ്ട്.
കൊതുകു സംഭരണികളാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നന്നായി ശ്രദ്ധിക്കണം. വലയിട്ട് മൂടുന്നത് നല്ലതാണ്. ഉടഞ്ഞ പാത്രങ്ങളിലും ടെറസിനു മുകളിലും കെട്ടിക്കിടക്കുന്ന ജലം ഒഴുക്കിക്കളഞ്ഞു വൃത്തിയാക്കണം. വെള്ളം തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കളെല്ലാം ഡ്രൈചെയ്യുക. നമ്മുടെ പരിസരങ്ങളില്‍ ഒന്നിലും അനാവശ്യമായി വെള്ളം കെട്ടിനിന്ന് കൊതുകിന് അനുകൂല സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. അമൂല്യമായ ആരോഗ്യത്തിന്റെ വിലയറിയാന്‍ അത് നഷ്ടപ്പെടും വരെ കാത്തിരിക്കേണ്ടതുണ്ടോ?. ശരീരത്തിനും മനസ്സിനും പ്രകൃതിക്കും ഇണങ്ങിയ ജീവിത ശീലങ്ങളനുവര്‍ത്തിക്കുക. നാം നമുക്ക് തന്നെ അപകടം ക്ഷണിച്ച് വരുത്താതെ ജീവിക്കാന്‍ ശ്രമിക്കുക. നിര്‍ദിഷ്ടവും പ്രായോഗികവുമായ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. സമൂഹത്തില്‍ നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രചാര പ്രവര്‍ത്തനങ്ങള്‍ എല്ലാവരും നടത്തുകയും നടക്കുന്നവയോട് സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ സാഹചര്യത്തിലാണ് ആരോഗ്യത്തോടെ ജീവിക്കാന്‍ പഠിക്കാം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസം നീളുന്ന ആരോഗ്യബോധവത്കരണ ക്യാമ്പയിന്‍ നടത്തിവരുന്നത്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നടപ്പിലാക്കി വരുന്ന രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം വീട്, പരിസരം എന്നിവയുടെ ശുചീകരണം, മാലിന്യ നിര്‍മാര്‍ജനത്തിന്റെ ആവശ്യകത, ആരോഗ്യ ജീവിതം നയിക്കാനുള്ള ശീലങ്ങള്‍ തുടങ്ങിയ ബോധവത്കരണമാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. മാലിന്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ചര്‍ച്ചാ വേദികളും ഒരുക്കുന്നുണ്ട്. പൊതു ശൗചാലയങ്ങളുടെ അപര്യാപ്തത മൂലം പൊതു സ്ഥലങ്ങളിലുള്ള മലമൂത്ര വിസര്‍ജനം, അറവുശാലകള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തട്ടുകടകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍, ഉപയോഗയോഗ്യമല്ലാത്ത അഴുക്കു ചാലുകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെ വൃത്തിഹീനമായ സാഹചര്യം, ശുദ്ധജല ദൗര്‍ലഭ്യം തുടങ്ങി നാം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലെല്ലാം തുറന്ന ചര്‍ച്ച നടക്കുന്നു. ആരോഗ്യത്തോടെ ജീവിക്കുക എന്നത് നമ്മുടെ അവകാശമാണ്. അതു കൊണ്ട് തന്നെ കേരള മുസ്‌ലിം ജമാഅത്തിന്റെ ക്യാമ്പയിന്‍ ലക്ഷ്യത്തിലെത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.
(കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് ലേഖകന്‍)