എ ടി എം: സുരക്ഷ തന്നെയാണ് പരിഹാരം

Posted on: August 12, 2016 6:00 am | Last updated: August 12, 2016 at 12:38 am
SHARE

atmതിരുവനന്തപുരം ആല്‍ത്തറയിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറില്‍ ഹൈടെക് തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവരും എ ടി എം കൗണ്ടറിലും, കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുമ്പോഴും സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കവര്‍ച്ച നടക്കുന്നത് എന്നതുകൊണ്ടാണ് ഇത്തരം ചര്‍ച്ചകളും ‘പഠിപ്പിക്ക’ലുകളും അരങ്ങേറുന്നത്. 40 വര്‍ഷത്തെ എ ടി എം കൗണ്ടറുകളുടെ ചരിത്രത്തില്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ സ്‌കിമ്മര്‍ (കാര്‍ഡിന് പിറകുവശത്തെ മാഗ്‌നെറ്റിക് സ്ട്രിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തുന്ന ഉപകരണം) ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തല്‍ അഥവാ ‘സ്‌കിമ്മിംഗ്’ ലോകത്ത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് പത്ത് വര്‍ഷത്തിനടുത്തായി.
പക്ഷേ, ഇവിടെ വിസ്മരിക്കപ്പെടുന്ന വിഷയം എ ടി എം കൗണ്ടറുകളുടെ സുരക്ഷാ വിഷയത്തില്‍ ബേങ്കുകള്‍ക്കുള്ള ഉത്തരവാദിത്തമാണ്. അത് വേണ്ടപോലെ ചര്‍ച്ചയാകുന്നില്ല. നെറ്റ് ബേങ്കിംഗ് പാസ്‌വേര്‍ഡ് ചോര്‍ത്തിയും ഒ ടി പി ചോര്‍ത്തിയും ബേങ്കുമായി ബന്ധപ്പെട്ട് നടക്കുന്ന പല തരം തട്ടിപ്പുകളും പലപ്പോഴും ഇടപാടുകാരുടെ അജ്ഞത മൂലം സംഭവിക്കുമ്പോള്‍ ഇപ്പോള്‍ നടന്നിട്ടുളള കവര്‍ച്ചകള്‍ക്ക് സഹായകരമായിരിക്കുന്നത് സുരക്ഷാകാര്യത്തില്‍ ബേങ്കുകള്‍ പുലര്‍ത്തുന്ന ഉദാസീന നയമാണ്. ഇവിടെയും ഇടപാടുകള്‍ നടത്തുന്നയാള്‍ക്ക് തന്റെ കാര്‍ഡിലെ വിവരങ്ങളും പാസ്‌വേര്‍ഡും ചോര്‍ത്തപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായിട്ട് ചിലതെല്ലാം ചെയ്യാമെങ്കിലും ആത്യന്തികമായി എ ടി എം കൗണ്ടറുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയെന്നത് തന്നെയാണ് ചെയ്യാനുള്ളത്.
സൗജന്യ എ ടി എം ഇടപാടുകളുടെ എണ്ണം കുറച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ പണം ഈടാക്കുന്ന ബേങ്കുകള്‍ സുരക്ഷക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നത് തീര്‍ത്തും നിഷേധാത്മക സമീപനമാണ്. സുരക്ഷയെല്ലാം ഇടപാടുകാരന്റെ തലയില്‍ കെട്ടിവെച്ച് കൈ കഴുകുന്ന ഒരു സമീപനമാണ് ബേങ്കുകള്‍ സ്വീകരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. മിനി സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് അന്വേഷണം ഇതെല്ലാം ഇടപാടുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയാണ്.
കൗണ്ടറിന്
കാവല്‍ വേണ്ടേ?
ഇടപാടുകാരുടെ കോടിക്കണക്കിന് രൂപ ക്രയവിക്രയം ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജോലി വളരെയധികം കുറക്കുന്ന എ ടി എം കൗണ്ടറുകള്‍ക്ക് അതിനനുസരിച്ചുള്ള ഒരു സുരക്ഷയും ഏര്‍പ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മിക്ക എ ടി എം കൗണ്ടറുകളും കാവല്‍ക്കാരില്ലാത്തതാണ്. പ്രത്യേകിച്ചും പൊതുമേഖലാ ബേങ്കുകളായ എസ് ബി ഐ, എസ് ബി ടി എന്നിവയുടേത്. ചെലവ് ചുരുക്കി ലാഭം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി കാവല്‍ക്കാരെ പിന്‍വലിച്ച ഈ ബേങ്കുകള്‍, ഇതിനുമുമ്പ് വടക്കന്‍ ജില്ലകളിലുണ്ടായ കവര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൗണ്ടറിനുള്ള കാവല്‍ പുനഃസ്ഥാപിക്കാന്‍ പോലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്നദ്ധമായിട്ടില്ല. തിരുവനന്തപുരത്തെ സംഭവം എടുത്തു പരിശോധിച്ചാല്‍ ഈ കുറവ് വളരെ പ്രകടമായി കാണാം. കാവല്‍ക്കാരന്‍ എന്നൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇത്തരത്തിലൊരു കവര്‍ച്ച നടക്കില്ലായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ റിസര്‍വ് ബേങ്കിന് കത്തെഴുതിയിരിക്കുകയാണ്. എ ടി എം കൗണ്ടറിലെ വീഡിയോ ദൃശ്യങ്ങള്‍ തരുന്ന വിവരമനുസരിച്ച് റുമാനിയന്‍ കവര്‍ച്ചക്കാര്‍ എ ടി എം കാര്‍ഡ് വിവരങ്ങളും പാസ്‌വേര്‍ഡും ചോര്‍ത്തുന്നതിനു വേണ്ടി ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിച്ചത് ജൂണ്‍ 30 ആണെന്ന് കാണാം. പേരിനെങ്കിലും കാവലുള്ള കൗണ്ടറായിരുന്നെങ്കില്‍ ഇത് അസംഭവ്യമാണ്. തങ്ങളുടെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ പാളിച്ചകള്‍ മനസ്സിലാക്കിയതു കൊണ്ടുതന്നെയാണ് ഈ സംഭവത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ച് കൊടുക്കുമെന്ന് ബേങ്കുകള്‍ പറഞ്ഞിരിക്കുന്നത്. ഒന്നാമതായി, ഇത്തരത്തിലുള്ള കവര്‍ച്ച കേരളത്തില്‍ ആദ്യമാണെന്നതും വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചെന്നതും എ ടി എം കൗണ്ടറുകളുടെ സുരക്ഷ ചര്‍ച്ചയായി എന്നതുമാണ് ബേങ്കുകളെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം. മറ്റൊന്ന് സംഭവത്തില്‍ കൂടുതലാളുകള്‍ വഞ്ചിക്കപ്പെട്ടു എന്നതും. ഇതൊന്നുമല്ല ഒന്നോ രണ്ടോ ആളുകള്‍ക്കായിരുന്നു പണം നഷ്ടപ്പെട്ടതെങ്കില്‍ അവസ്ഥ. അതവരുടെ അജ്ഞതയും ശ്രദ്ധക്കുറവുമായി ചിത്രീകരിക്കപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എ ടി എം കവര്‍ച്ചാശ്രമം നടത്തിയ പ്രതി കൗണ്ടറിലെ ക്യാമറകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിക്കുന്നത് ഹെല്‍മെറ്റ് ഉപയോഗിച്ചാണ്. കാവല്‍ക്കാരുള്ള എ ടി എമ്മില്‍ ഒരിക്കലും ഹെല്‍മെറ്റോ അതുപോലെ മുഖം മറക്കുന്ന മറ്റെന്തെങ്കിലും ഉപയോഗിച്ചോ കയറാന്‍ കഴിയില്ല.
കൗണ്ടറില്‍
ക്യാമറ എന്തിന്?
എ ടി എം കൗണ്ടറിന്റെ സുരക്ഷക്കു വേണ്ടി ബേങ്കുകള്‍ ചെയ്യുന്ന ഏക സുരക്ഷാ സംവിധാനമാണ് ക്യാമറകള്‍ സ്ഥാപിക്കുകയെന്നത്. പലപ്പോഴും കവര്‍ച്ചാ കേസുകള്‍ തെളിയിക്കുന്നതിന് സഹായകമാകുന്നത് ഇത്തരം ക്യാമറാ ദൃശ്യങ്ങളാണ്. പക്ഷേ, ഇവിടെയും പാളിച്ചകള്‍ നടക്കുന്നുവെന്നതാണ് തിരുവനന്തപുരം സംഭവം തെളിയിക്കുന്നത്. കവര്‍ച്ചകള്‍ക്കു ശേഷം തെളിവുകള്‍ക്കു വേണ്ടി എന്നല്ലാതെ അത്തരം സംഭവങ്ങള്‍ തടയാനുള്ള മാര്‍ഗമായിട്ട് ക്യാമറകള്‍ ഉപയോഗിക്കുന്നില്ല. അല്ലെങ്കില്‍ കൗണ്ടറിലെ വീഡിയോ ദൃശ്യങ്ങള്‍ തത്സംയം നിരീക്ഷിക്കുകയോ പരിശോധിക്കുകയോ വല്ല അസ്വാഭാവികതയും നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയോ ചെയ്യുന്നില്ല. എ ടി എം ഇടപാടുകളുടെ സുരക്ഷ വേണമെങ്കില്‍ ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. കവര്‍ച്ചക്കു വേണ്ടി ഒരു മാസത്തിലേറെയുള്ള കാലയളവില്‍ പലപ്പോഴായിട്ടാണെങ്കിലും ഹൈടെക് ഉപകരണങ്ങള്‍ കൗണ്ടറില്‍ ഘടിപ്പിച്ചിട്ടും അത് കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല എന്നത് ക്യാമറകള്‍ എന്തിന് വെക്കുന്നു എന്ന ചോദ്യമുയര്‍ത്തുന്നതാണ്. പോലീസിന്റെ പുതിയ കണ്ടെത്തലനുസരിച്ച് തിരുവനന്തപുരത്ത് എ ടി എമ്മിന്റെ ഡാറ്റാ കേബിളില്‍ വൈഫൈ സൗകര്യമുള്ള റൂട്ടര്‍ ഘടിപ്പിച്ച് അതുവഴി ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വീഡിയോ ക്യാമറ വഴി പാസ്‌വേര്‍ഡ് കണ്ടെത്തുകയും ചെയ്തു എന്നതാണ്. ഇങ്ങനെ റൂട്ടര്‍ സ്ഥാപിക്കാന്‍ ഡാറ്റാ കേബിള്‍ വേര്‍പ്പെടുത്തിയപ്പോള്‍ ബേങ്ക് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം എത്തിയെങ്കിലും അതനുസരിച്ച് എ ടി എം കൗണ്ടറിലെ ക്യാമറ പരിശോധിക്കാനോ അന്വേഷിക്കുവാനോ തയ്യാറായില്ല എന്നത് ബേങ്കധികൃതരുടെ ഉദാസീന നയത്തിന്റെ നേര്‍ക്കാഴ്ചയാകുകയാണ്.
ലഭിക്കാത്ത സന്ദേശം
മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകാര്‍ക്ക് ബേങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഉടനെ ഫോണിലേക്ക് സന്ദേശം വരേണ്ടതുണ്ട്. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. തിരുവനന്തപുരത്ത് പണം നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ഇങ്ങനെ സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അതാത് ബേങ്കിന്റെ എ ടി എമ്മുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സന്ദേശങ്ങള്‍ പെട്ടെന്ന് ലഭിക്കാറുണ്ടെങ്കിലും മറ്റ് ബേങ്കുകളുടെ എ ടി എമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ സന്ദേശങ്ങള്‍ വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന നിരവധി അനുഭവങ്ങളുണ്ട്.
പരിഹാരം
ചിപ് കാര്‍ഡുകള്‍
എ ടി എം ഇടപാടുകളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇപ്പോള്‍ ബേങ്കുകള്‍ നല്‍കുന്ന മാഗ്‌നെറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ക്കു പകരം ചിപ് കാര്‍ഡുകളാക്കി മാറ്റാന്‍ റിസര്‍വ് ബേങ്ക് നല്‍കിയ സമയപരിധി അടുത്ത വര്‍ഷം തീരുകയാണ്. ഈ മാറ്റം വരുത്താന്‍ ബേങ്കുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി നിലവിലുള്ള എ ടി എം മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരും എന്നതാണ്. ചിപ് കാര്‍ഡിലെ എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ വായിച്ചെടുക്കാന്‍ സാങ്കേതികത്തികവില്ലാത്തതാണ് നിലവിലുള്ള മെഷീനുകള്‍. ഇവിടെയും ബേങ്കുകളുടെ ‘സാമ്പത്തിക’മാണ് പ്രതിബന്ധമായി നില്‍ക്കുന്നത്. ഇത്തരത്തിലുള്ള കവര്‍ച്ചകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുന്നതോടെ എത്രയും പെട്ടെന്ന് ബേങ്കുകള്‍ ഈ മാറ്റത്തിന് നിര്‍ബന്ധിതമാകും. കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ധന്‍ യോജനയിലെ റുപെ കാര്‍ഡുകളടക്കം മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളാണ്. ഇത്തരം കാര്‍ഡുകളും ചിപ് കാര്‍ഡുകളാക്കേണ്ടതുണ്ട്. എ ടി എം മെഷീന്‍ മാറ്റലും കാര്‍ഡ് മാറ്റലും ഒരു സമയപരിധി വെച്ച് തീര്‍ക്കുകയേ ഇത്തരം കവര്‍ച്ചകള്‍ ഒരു പരിധി വരെയെങ്കിലും തടയാന്‍ കഴിയുകയുള്ളൂ. ഈ പ്രക്രിയക്ക് അധിക കാലതാമസമെടുക്കുകയാണെങ്കില്‍ സാധാരണ ഓണ്‍ലൈന്‍ ബേങ്കിംഗ് നടത്തുമ്പോള്‍ ഇടപാടുകാരന്റെ മൊബൈലിലേക്ക് വരുന്ന ഒ ടി പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നല്‍കേണ്ടിവരുന്നതുപോലെ എ ടി എം ഇടപാടുകള്‍ക്കും ഒ ടി പി ഏര്‍പ്പെടുത്തുന്നത് കവര്‍ച്ചകള്‍ തടയാന്‍ സഹായകരമാകും.
കവര്‍ച്ച തടയാന്‍
എന്ത് ചെയ്യും?
എ ടി എമ്മില്‍ കയറി ഇടപാടുകള്‍ക്ക് വേണ്ടി പാസ്‌വേര്‍ഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈകൊണ്ട് മറച്ചുപിടിക്കുക എന്നതാണ് ഇടപാടുകാരന് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ‘സുരക്ഷാസംവിധാനം’.
ഇടപാടുകള്‍ക്ക് നമുക്ക് പരിചിതമായ, എ ടി എം കൗണ്ടറുകള്‍ ഉപയോഗിക്കുക, ഒറ്റപ്പെട്ടതോ സി സി ടി വി ക്യാമറകള്‍ ഇല്ലാത്തതോ ആയ എ ടി എമ്മുകള്‍ ഒഴിവാക്കുക, സാവധാനം പ്രവര്‍ത്തിക്കുന്ന എ ടി എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കാം. വന്‍കിട മാളുകളിലും ഷോപ്പുകളിലുമുള്ളവ, വെളിച്ചക്കുറവുള്ളവ എന്നിവ പലപ്പോഴും കവര്‍ച്ചക്കാരുടെ ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങളായിരിക്കും. കഴിയുന്നതും ബേങ്കിനോടനുബന്ധിച്ചുള്ള എ ടി എമ്മുകള്‍ ഉപയോഗിക്കുന്നതാകും ഉത്തമം. പരിചിതമായ കൗണ്ടറുകളാകുമ്പോള്‍ സ്വാഭാവികരീതിയില്‍ വല്ല മാറ്റവും സംഭവിച്ചിട്ടുണ്ടെങ്കില്‍ ബേങ്ക് അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം ഇടപാടുകള്‍ നടത്താന്‍ സഹായകമാകും. അതുപോലെ ഇടക്കിടെ എ ടി എമ്മുകള്‍ കയറിയറങ്ങുന്നതും കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന രസീതുകള്‍ അവിടെ ഉപേക്ഷിക്കുന്നതും വിനയാകും.
ഇടക്കിടെ ബാലന്‍സ് പരിശോധിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. ഇങ്ങനെയുള്ള പരിശോധനയില്‍ പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ ബേങ്കുകളുമായി ബന്ധപ്പെടേണ്ടതുണ്ട്. സമയം വൈകുന്നത് നിങ്ങളുടെ പണം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തും. അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ചതായി മെസ്സേജുകള്‍ വന്നാല്‍ ഉടനെ ബേങ്കുമായി ബന്ധപ്പെട്ട് എ ടി എം കാര്‍ഡ് മരവിപ്പിക്കുകയാണ് വേണ്ടത്.
ലോകത്ത് നടന്നിട്ടുള്ള ഇത്തരം കവര്‍ച്ചകളില്‍നിന്നും മനസ്സിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ നാം സ്വീകരിക്കുന്നത്. കവര്‍ച്ച തടയാന്‍ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമ്പോള്‍ മോഷ്ടാക്കളും അതിനനുസരിച്ച് പുതിയ വിദ്യകള്‍ ഉപയോഗിക്കും. അപ്പോള്‍ എ ടി എം കൗണ്ടറുകളുടെ സുരക്ഷിതത്വത്തിന് ഏറ്റവും നല്ലത് കാവല്‍ ഏര്‍പ്പെടുത്തുക എന്നതു തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here