Connect with us

Gulf

ഖത്വര്‍ അമേരിക്ക സഹകരണം വളര്‍ച്ചയുടെ വഴിയില്‍: ഖത്വര്‍ അംബാസിഡര്‍

Published

|

Last Updated

ദോഹ: ഖത്വറും അമേരിക്കയും തമ്മില്‍ വിവിധ മേഖലകളില്‍ തുടരുന്ന സഹകരണം വളര്‍ച്ചയുടെ വഴിയിലെന്ന് അമേരിക്കയിലെ ഖത്വര്‍ അംബാസിഡര്‍. മുഖ്യമായും വ്യാപാര വ്യവസായ മേഖലയില്‍ മികച്ച നിലയിലാണ് ഇരു രാജ്യങ്ങളുടെയും ബന്ധമെന്ന് മുഹമ്മദ് ജഹം അല്‍ കുവാരി പറഞ്ഞു. വേള്‍ഡ് അഫയേഴ്‌സ് കൗണ്‍സിലിന്റെ ഉന്നതര്‍ പങ്കെടുത്ത മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ പാതയിലാണ് ഇരു രാജ്യങ്ങളുടെയും സഹകരണം മുന്നോട്ടു പോകുന്നത് എന്നതാണ് വളര്‍ച്ചയുടെ പ്രധാന കാരണം. പരസ്പരം പരിഗണനയോടെയും ഉത്തരവാദിത്തബോധത്തോടെയും മനസ്സിലാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളര്‍ച്ചാ വഴിയില്‍ മുന്നോട്ടു സഞ്ചരിക്കാനും അവസരം സൃഷ്ടിക്കുന്നു. തീരുമാനങ്ങളെടുക്കുന്നതില്‍ രാജ്യത്തിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും അതോടൊപ്പം സ്വതന്ത്രമായ നിലപാട് സ്വീകരിക്കുകായണ് ഖത്വര്‍ ചെയ്തു വരുന്നതത്. അതുകൊണ്ടു തന്നെ വിദേശരാജ്യങ്ങളുമായെല്ലാം നല്ല ബന്ധം പുലര്‍ത്താന്‍ രാജ്യത്തിനു സാധിക്കുന്നു. ഇരു രാജ്യങ്ങളുടെയും താത്പര്യാര്‍ഥം സഹകരണങ്ങള്‍ വികസിപ്പിച്ചു കൊണ്ടു വരാന്‍ സാധിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ സഹകരണ കരാറുകളില്‍ ഒപ്പുവെച്ചാണ് ഖത്വറും അമേരിക്കയും പ്രവര്‍ത്തിക്കുന്നത്. വ്യാപാര രംഗത്തും നിക്ഷേപ മേഖലയിലുമാണ് കൂടുതല്‍ പദ്ധതികള്‍.
അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഖത്വറിലെ വിവിധ മേഖലകളില്‍ വ്യവസായം വികസിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് വിവിധ സൗകര്യങ്ങള്‍ അമേരിക്ക ഒരുക്കുന്നു. ടൂറിസം, ടെക്‌നോളജി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ രംഗങ്ങളിലെല്ലാം രാജ്യത്ത് അമേരിക്കയുടെ സാന്നിധ്യമുണ്ട്. അതേസമയം അമേരിക്കയില്‍ ഖത്വര്‍ നിക്ഷേപവും ഇരട്ടിയായിട്ടുണ്ട്. ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടുത്തിടെ 3500 കോടി ഡോളറിന്റെ അമേരിക്കന്‍ നിക്ഷേപപദ്ധതി പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിലാണ് പദ്ധതികള്‍. ഖത്വറിന്റെ ദിയാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അമേരിക്കയിലെ സിറ്റി സെന്റര്‍ ഡി സി പദ്ധതിയിലും നിക്ഷേപം നടത്തുന്നു.
ലാഭതാത്പര്യം മുന്‍നിര്‍ത്തി മാത്രമല്ല ഖത്വര്‍ നിക്ഷേപം നടത്തുന്നത്. വിവിധ സമൂഹവുമായും സംസ്‌കാരങ്ങളുമായും ഇടകലരുകയും ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുക രാജ്യത്തിന്റെ ലക്ഷ്യമാണ്. യൂനിവേഴ്‌സിറ്റി എജുക്കേഷന്‍ രംഗത്ത് നിക്ഷേപം നടത്തുന്നതിന് ഖത്വര്‍ അതീവ താത്പര്യമെടുക്കുന്നു. ലോകത്തെ വിവിധ യൂനിവേഴ്‌സിറ്റികളോട് രാജ്യത്ത് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. രണ്ടു നേട്ടങ്ങളാണ് ഇതിലൂടെ ഉണ്ടായത്. ഇപ്പോള്‍ ദോഹ എജുക്കേഷന്‍ സിറ്റിയില്‍ ആറു അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം അമേരിക്കയില്‍ പഠനം നടത്തുന്നതിന് ഖത്വരി വിദ്യാര്‍ഥികളെ അയക്കുകയും ചെയ്യുന്നു.
ഇരു രാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യം നേടിയെടുക്കന്നതിനായി ശരിയായ വഴിയിലൂടെ പ്രതീക്ഷ തരുന്ന രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ സൈനിക സാന്നിധ്യം ഖത്വറിലുണ്ട്. സുരക്ഷാ മേഖലയിലെ സഹകരണത്തിന്റെ അടയാളമാണിത്. മേഖലയിലെ സമാധാനവും സുസ്ഥിരതയുമാണ് ഖത്വര്‍ ആഗ്രഹിക്കുന്നത്. ചെറിയ രാജ്യമാണ് ലോകത്തെ വന്‍ ശക്തിയമായി ബന്ധം സന്തുലിതസ്വഭാവത്തില്‍ നിലനിര്‍ത്തിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest