മുന്നണി പ്രസക്തം എന്നാല്‍ ഇപ്പോള്‍ ഒറ്റക്ക് തുടരുമെന്ന് മാണി

Posted on: August 11, 2016 3:24 pm | Last updated: August 11, 2016 at 7:26 pm

MANIകോട്ടയം: മുന്നണി രാഷ്ട്രീയം പ്രസക്തമാണെങ്കിലും ഇപ്പോള്‍ ഒറ്റക്ക് നില്‍ക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കെഎം മാണി. മുന്നണി വിട്ട് തനിച്ച് നില്‍ക്കുന്നതില്‍ ഭിന്നാഭിപ്രയാവുമായി പിജെ ജോസഫും മോന്‍സ് ജോസഫും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം.

സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കാലാകാലങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയം തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റക്ക് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. മുന്നണി പ്രസക്തമാണെങ്കിലും ഒറ്റക്ക് നില്‍ക്കാന്‍ കേരള കോണ്‍ഗ്രസിന് ത്രാണിയുണ്ട്. 1965ലും 67ലും 70ലും ഒറ്റക്ക് മല്‍സരിച്ച് ജയിച്ചവരാണ് കേരള കോണ്‍ഗ്രസുകാരെന്ന് മാണി പറഞ്ഞു.

മുന്നണി വിട്ടത് സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് മാണി വ്യക്തമാക്കി. മാണിക്കും കേരള കോണ്‍ഗ്രസിനും അനുകൂലമായി മൂന്ന് മുന്നണികളും പ്രതികരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും സ്വാഗതം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മാണിയുടെ മറുപടി.