മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് കാണാതായ ബസുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: August 11, 2016 1:10 pm | Last updated: August 11, 2016 at 5:50 pm

BRIDGEമുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ-ഗോവ ഹൈവേയിലുള്ള മഹാഡ് പാലം തകര്‍ന്ന് കാണാതായ രണ്ട് ബസുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവം നടന്ന് എട്ടു ദിവസം പിന്നിട്ടപ്പോഴാണ് ബസിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായത്. തകര്‍ന്ന പാലത്തിന്റെ സമീപത്തു നിന്നും 170, 200 മീറ്റര്‍ ദൂരെയാണ് ബസിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു അവശിഷ്ടങ്ങള്‍.

എട്ട് ദിവസങ്ങളായി മഹാഡ് മേഖലയില്‍ നേവി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ പൊക്കിയെടുക്കുന്നതിനുള്ള ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. മുതലകളുടെ സാന്നിധ്യവും നദിയിലെ ശക്തമായ കുത്തിയൊഴുക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. ശക്തമായ ഒഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഡൈവിങ് വിദഗ്ധരെ അടക്കം നിയോഗിച്ചാണ് ഇവിടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് രണ്ടിനാണ് മഹാഡ് പാലം തകര്‍ന്നത്. ഇതേത്തുടര്‍ന്ന് രണ്ടു ബസുകള്‍ കാണാതായിരുന്നു. ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദര്‍ ഫഡ്‌നാവിസ് ഉത്തരവിട്ടിരുന്നു.