ഹരിയാനയില്‍ ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പെടുത്തും

Posted on: August 11, 2016 10:38 am | Last updated: August 11, 2016 at 12:47 pm

COWചണ്ഡിഗഡ്: ഹരിയാനയില്‍ ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പെടുത്തും. വ്യാജ ഗോ സംരക്ഷരുടെ വിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഹരിയാനയില്‍ പശുക്കളെ കൊണ്ടു പോകുന്ന ട്രക്കുകള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം പിരിക്കല്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.

പശുക്കളെയും മറ്റു മൃഗങ്ങളെയും കൊണ്ടു പോകുന്ന വാഹനങ്ങളില്‍നിന്ന് ഭീഷണിപ്പെടുത്തുന്ന സംഘങ്ങളെ ഹരിയാന പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് പശു കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

കാര്‍ഡുകള്‍ നല്‍കുന്നതിനായി 100 പേരടങ്ങുന്ന ഗോ സംരക്ഷകരുടെ ഒരു പട്ടിക ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ഗോ രക്ഷാ ദള്‍ എന്ന സംഘടന കമീഷന് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കാര്‍ഡുകള്‍ കൈമാറുക. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ നിയമം കൈയ്യിലെടുക്കാനോ ഗോ സംരക്ഷകര്‍ക്ക് അധികാരമുണ്ടായിരിക്കില്ല.