Connect with us

Kerala

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പടിയിറങ്ങുന്നു

Published

|

Last Updated

ആലുവ:കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൗരാവകാശത്തിന് വേണ്ടി മനുഷ്യപക്ഷത്തു നിന്നും പോരാടിയ ന്യായാധിപന്‍ ജസ്റ്റിസ് ജെ ബി കോശി പടിയിറങ്ങുന്നു.സെപ്തംബര്‍ മൂന്നിന് വിരമിക്കുന്ന ജസ്റ്റിസ് ജെ ബി കോശിക്ക് ഈ മാസം 25 ന് എറണാകുളം കലക്ട്രേറ്റിലാണ് അവസാന സിറ്റിംഗ്. 31 ന് തിരുവനന്തപുരം വി ജെ .ടി ഹാളില്‍ ഔദ്യോഗിക യാത്രയയപ്പ് നടക്കും.

കമ്മീഷന്‍ മുമ്പാകെ ലഭിക്കുന്ന കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതിലൂടെ എളുപ്പത്തില്‍ നീതി ലഭ്യമാക്കി മനുഷ്യപക്ഷത്തു നില്‍ക്കുന്ന ന്യായാധിപന്‍ എന്ന പേരെടുത്താണ് ജെ ബി കോശിയുടെ പടിയിറക്കം.കേസുകളുടെ സാങ്കേതികതയും നിയമക്കുരുക്കും പ്രശ്‌നമാക്കാതെ നൂലാമാലകള്‍ക്ക് പുറത്ത് മനുഷ്യര്‍ക്ക് കാരുണ്യവും സ്‌നേഹവും പകര്‍ന്ന് കൈത്താങ്ങായി മാറുകയായിരുന്നു ഈ ന്യായാധിപന്‍. നിയമങ്ങളും മനുഷ്യാവകാശവും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിലപാടുകളിലൂടെ നടപടിയെടുത്തു. മനുഷ്യാവകാശ കമ്മീഷന്റെ ശബ്ദം സംസ്ഥാനത്തുടനീളം എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിനുള്ള സംതൃപ്തി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ള മനുഷ്യാവകാശ കമ്മീഷനുകളില്‍ നിന്നും വ്യത്യസ്തമാക്കി മാറ്റിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഏകദേശം അമ്പതിനായിരത്തോളം കേസുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കമ്മീഷന്‍ മൊത്തത്തില്‍ തീര്‍പ്പാക്കിയത്. ഇതില്‍ 27,000തോളം കേസുകള്‍ ചെയര്‍മാന്‍ ജെ ബി കോശി തന്നെയാണ് തീര്‍പ്പാക്കിയത്. പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ ഉന്നത ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളില്‍ സര്‍ക്കാറില്‍ നിന്നും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നേടികൊടുക്കാനായിട്ടുണ്ട്. പാറമട പ്രശ്‌നങ്ങള്‍, ചികിത്സാ സഹായം നിഷേധിക്കല്‍, സ്വത്ത് തര്‍ക്കം തുടങ്ങിയ നിരവധി കേസുകളില്‍ പരിഹാരം കണ്ടെത്തി. മക്കളില്ലാത്ത വിധവക്ക് ബന്ധുക്കള്‍ നിഷേധിച്ച സ്വത്ത് വാങ്ങി നല്‍കിയ സന്തോഷത്തില്‍ അവര്‍ നന്ദി അറിയിച്ച് കത്തയച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ നന്ദി പറഞ്ഞും അഭിനന്ദിച്ചും പതിനായിരത്തിലധികം കത്തുകള്‍ ലഭിച്ചിട്ടുള്ളതായും ജസ്റ്റിസ് ജെ ബി കോശി സിറാജിനോട് പറഞ്ഞു.

കുറച്ചുകാലം കേരള ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം13 വര്‍ഷം അവിടെ ജഡ്ജിയായിരുന്നു. പാറ്റ്‌ന ഹൈകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു. ഇതിനിടയില്‍ 2009 മേയില്‍ കള്ളപ്പണം, വിദേശ കറന്‍സി കള്ളക്കടത്ത് തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്റെ ചെയര്‍മാനായിരുന്നു . 2011 സെപ്തംബര്‍ അഞ്ചിനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റത്. ഇപ്പോള്‍ എറണാകുളത്താണ് ഇദ്ദേഹം താമസിക്കുന്നത്. മീനാ കോശിയാണ് ഭാര്യ. മൂത്ത മകള്‍ രൂപ എറണാകുളത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപികയാണ് . ഇളയ മകള്‍ രശ്മി ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ്.