മുത്തൂറ്റ് റെയ്ഡില്‍ കണ്ടെത്തിയത് 350 കോടിയുടെ ക്രമക്കേട്

Posted on: August 11, 2016 8:51 am | Last updated: August 11, 2016 at 10:52 am

കൊച്ചി: മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 350 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. മുത്തൂറ്റ് ഫൈനാന്‍സില്‍ 150 കോടിയുടെയും മുത്തൂറ്റ് ഫിന്‍കോര്‍പില്‍ 125 കോടിയുടെയും മിനി മുത്തൂറ്റില്‍ 75 കോടിയുടെയും ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. 300 കോടിയുടെ ക്രമക്കേട് അതാത് സ്ഥാപനങ്ങള്‍ തന്നെ സമ്മതിച്ച കണക്കാണെന്നും യഥാര്‍ഥ നികുതി വെട്ടിപ്പിന്റെ വ്യാപ്തി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതോടെ മാത്രമേ വ്യക്തമാകൂവെന്നും ആദായ നികുതി വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. മൂത്തൂറ്റ് സ്്ഥാപനങ്ങളില്‍ ബിനാമിയായി വന്‍തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ടെന്നും നികുതി അടക്കാത്ത ഇത്തരം വന്‍നിക്ഷേപകര്‍ക്ക് നോട്ടീസ് അയക്കുമെന്നും അവര്‍ അറിയിച്ചു.

പണയ സ്വര്‍ണം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വലിയ തോതില്‍ ക്രമക്കേട് നടന്നിരിക്കുന്നത്. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുമ്പോഴാണ് പണയം വെച്ച സ്വര്‍ണം ലേലം ചെയ്യുന്നത്. പരസ്യലേലം നടത്തണമെന്നും ലേലത്തുകയില്‍ ലോണ്‍ കുടിശ്ശിക കഴിച്ചുള്ള തുക വായ്പയെടുത്ത ആള്‍ക്ക് നല്‍കണമെന്നും റിസര്‍വ് ബേങ്ക് നിര്‍ദേശമുണ്ടെങ്കിലും ഇതിന് വിരുദ്ധമായി സ്ഥാപനങ്ങള്‍ യഥേഷ്ടം ലേലം നടത്തുകയും ലേലത്തുക മുഴുവനായും കമ്പനി സ്വന്തമാക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ അനധികൃതമായി ഈടാക്കുന്ന തുകയുടെ നികുതിയിലാണ് പ്രകടമായ വെട്ടിപ്പ് നടന്നിട്ടുള്ളത്. പലിശയില്‍ നടത്തിയിട്ടുള്ള വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ കോര്‍പറേറ്റ് ഓഫീസുകളില്‍ നിന്നും ശാഖകളില്‍ നിന്നും ശേഖരിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമേ അറിവാകൂ. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഇടപാടുകളുടെ ഫയലുകളാണ് പരിശോധിക്കാനുള്ളത്.

മൂന്ന് സ്ഥാപനങ്ങളിലുമായി ഭീമമായ തുക വന്‍കിട നിക്ഷേപമായി എത്തിയതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ 25 ലക്ഷത്തിലധികം നിക്ഷേപം നടത്തിയവരില്‍ നികുതി അടക്കാത്തവര്‍ക്ക് നോട്ടീസ് അയക്കും. ബിനാമിയായി വന്‍തുക നിക്ഷേപിച്ചവരില്‍ ചില പ്രമുഖരുമുണ്ടെന്നാണ് സൂചന. മുത്തൂറ്റ് ഫിനാന്‍സ് പതിനായിരത്തിലധികം കോടിയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ വലിയ പങ്ക് വന്‍കിട നിക്ഷേപകരുടേതാണെന്നാണ് അനുമാനം. മുത്തൂറ്റുമായി ബന്ധപ്പെട്ട 60 കേന്ദ്രങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡ് ഇനിയും പൂര്‍ത്തിയായിട്ടില്ല. പിടിച്ചെടുത്ത രേഖകളുടെ ബാഹുല്യം മൂലം ചൊവ്വാഴ്ച രാത്രിയോടെ റെയ്ഡ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു. രേഖകളുടെ പരിശോധനക്ക് ശേഷം റെയ്ഡ് പുനരാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.