കൊച്ചി എ ടി എം കവര്‍ച്ചാശ്രമം: പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു; രണ്ടാമന്‍ പിടിയില്‍

Posted on: August 11, 2016 8:39 am | Last updated: August 11, 2016 at 10:40 am
SHARE

കൊച്ചി: കാക്കനാട് വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബേങ്ക് എ ടി എമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് യുവാക്കളില്‍ ഒരാളെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കവര്‍ച്ചാശ്രമം നടത്തുന്നത് എ ടി എമ്മിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ രണ്ട് പേരില്‍ ഒരാളായ ബംഗാള്‍ സ്വദേശി മുഹമ്മദ് ഇംറാനാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്തും വയറില്‍ ആഴത്തില്‍ കുത്തേറ്റും ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഇയാളോടൊപ്പം സി സി ടി വിയില്‍ പതിഞ്ഞ കൂട്ടുപ്രതിയും കവര്‍ച്ചാ ശ്രമത്തിന്റെ മുഖ്യസൂത്രധാരനുമായ യു പി സ്വദേശി മുസ്‌ലിം അന്‍സാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അന്‍സാരിയാണ് കൊലപാതകത്തിന് പിന്നിലെന്നും കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങളറിയൂവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണശ്രമം. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് എ ടി എം കൗണ്ടറിലെ മൂന്ന് ക്യാമറകളിലും പെയിന്റ് സ്‌പ്രേ ചെയ്ത ശേഷമാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. എന്നാല്‍, എ ടി എമ്മിലെ നാലാമത്തെ ചെറിയ ക്യാമറയില്‍ നിന്ന് പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു. എ ടി എമ്മില്‍ ആരുടെയും പണം നഷ്ടപ്പെട്ടിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചത്.

സിന്‍ഡിക്കേറ്റ് ബേങ്ക് എ ടി എമ്മിലെ നാലാമത്തെ ചെറിയ ക്യാമറയും പ്രതികള്‍ ഉപയോഗിച്ച യു പി രജിസ്‌ട്രേഷനുള്ള ഇരുചക്ര വാഹനവും കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മുസ്‌ലിം അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതി മുഹമ്മദ് ഇംറാനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചകാര്യം പോലീസിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here