Connect with us

National

രാഷ്ട്രപതിയേക്കാള്‍ ശമ്പളം പറ്റുന്നത് അഞ്ച് മുഖ്യമന്ത്രിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിയാണ് രാജ്യത്തിന്റെ പ്രഥമ പൗരനെങ്കിലും ശമ്പളക്കാര്യം വരുമ്പോള്‍ അദ്ദേഹത്തെ കവച്ചുവെക്കുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും എം എല്‍ എമാരും വരെ ഇവിടെയുണ്ട്. 1.50 ലക്ഷം രൂപയാണ് രാഷ്ട്രപതി പ്രതിമാസം ശമ്പളയിനത്തില്‍ കൈപ്പറ്റുന്നത്. രാഷ്ട്രപതിയെക്കാളും ഇരട്ടിയിലധികം ശമ്പളം പറ്റുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 4.21 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം. 2.5 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് രണ്ടമത്. 2.4 ലക്ഷം രൂപയുമായി തൊട്ടുപിന്നില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുണ്ട്. 2.25 ലക്ഷവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, രണ്ട് ലക്ഷവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരാണ് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയെക്കാളും ശമ്പളം പറ്റുന്നവര്‍.
മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള വര്‍ധന ഡിസംബറില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. ഉപരാഷ്ട്രപതി 1.25 ലക്ഷവും സംസ്ഥാന ഗവര്‍ണര്‍മാര്‍ 1.10 ലക്ഷം രൂപയും ശമ്പളം പറ്റുമ്പോഴാണ് ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍ വന്‍ ശമ്പളം കൈപ്പറ്റുന്നത്. തെലങ്കാന എം എല്‍ എമാരും വാങ്ങുന്നുണ്ട് രാഷ്ട്രപതിയേക്കാള്‍ ശമ്പളം. 2.25 ലക്ഷം രൂപയാണ് അവരുടെ പ്രതിമാസ വരുമാനം.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ശമ്പളം പറ്റാതെ മുഖ്യമന്ത്രിപ്പണി ചെയ്യുന്നവരും നമുക്കുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണത്. തന്റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഇക്കാര്യത്തില്‍ വ്യത്യസ്തയല്ല. അവര്‍ പ്രതിമാസം ഒരു രൂപ മാത്രമാണ് ശമ്പളമായി വാങ്ങുന്നത്.
ഡല്‍ഹിയില്‍ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ശമ്പള വര്‍ധന എ എ പി സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല. സര്‍ക്കാര്‍ നീക്കം വിജയിച്ചിരുന്നെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശമ്പളം 3.36 ലക്ഷമാകുമായിരുന്നു. എം എല്‍ മാര്‍ക്കും കിട്ടുമായിരുന്നു രാഷ്ട്രപതിയേക്കാള്‍ ശമ്പളം (2.10 ലക്ഷം). നിലവില്‍ 1.2 ലക്ഷം രൂപയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ശമ്പളം.

Latest