സാകിര്‍ നായിക്കിനെ കുരുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം

Posted on: August 11, 2016 12:14 am | Last updated: August 11, 2016 at 12:14 am

zakir naik EPSമുംബൈ: സലഫി ധാരയിലുള്ള പ്രബോധകന്‍ ഡോ. സാകിര്‍ നായിക്കിനെതിരെ യു എ പി എ നിയമത്തിലെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം ഊര്‍ജിതമാക്കി. സാകിര്‍ നായിക്കിന്റെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് മുംബൈ പോലീസ് കമ്മീഷണര്‍ ദത്താ പെഡ്‌സാല്‍ഗികാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിയമ, നിതീന്യായ വിഭാഗങ്ങളില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാറിന്റെ തീരുമാനം. 71 പേജുള്ള റിപ്പോര്‍ട്ടില്‍ സാകിര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ദേവേന്ദ്ര ഫട്‌നാവിസിന് ഞായറാഴ്ചയാണ് കൈമാറിയത്. സാകിറിന്റെ നേതൃത്വത്തിലുള്ള സംഘടന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാകിര്‍ നായിക്കിന്റെ സംഘടന നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സാകിര്‍ നേരിട്ട് തന്നെ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് എന്ത് നടപടികളാണ് കൈകൊള്ളേണ്ടതെന്ന് തീരുമാനിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ബംഗ്ലാദേശിലെ ഭീകരാക്രമണത്തില്‍ അറസ്റ്റിലായ ചിലര്‍ക്ക് സാകിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് ആരോപണം പുറത്ത് വന്നപ്പോഴാണ് മുംബൈ പോലീസ് അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങിയത്. പോലീസ് ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉപയോഗിച്ച് സാകിര്‍ നായിക്കിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. സാകിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ ആര്‍ എഫ്) നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആലോചന തുടങ്ങിയിട്ടുണ്ട്.
വിവാദ പ്രസംഗങ്ങളുടെ പേരില്‍ സാകിറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചുവെന്നാണ് സൂചന. ഇവയില്‍ വിശദമായി പരിശോധന നടത്തിയ ശേഷമായിരിക്കും സാകിറിന്റെ പ്രസ്ഥാനത്തെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. 1991ല്‍ രൂപം നല്‍കിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു എ പി എ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാമെന്നാണ് നിയമ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.