യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ ജ. ഇസ്‌ലാമി മുന്‍ എം പിക്ക് വധശിക്ഷ

Posted on: August 11, 2016 12:07 am | Last updated: August 11, 2016 at 12:07 am
SHARE

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ എം പിക്ക് യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. മറ്റ് ഏഴ് പേര്‍ക്ക് മരണം വരെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു. 1971ല്‍ പാക്കിസ്ഥാനെതിരെ നടന്ന യുദ്ധത്തില്‍ മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, കൊലപാതകം എന്നീ കേസുകളില്‍ ഇവര്‍ വിചാരണ നേരിടുകയായിരുന്നു.
ജെസ്സോരെ ജില്ലയില്‍ നിന്നുള്ള മുന്‍ എം പിയും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ശഖാവത്ത് ഹുസൈനാണ് അന്താരാഷ്ട്ര കോടതിയുടെ വധശിക്ഷ. ജസ്റ്റിസ് അന്‍വാറുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് വധശിക്ഷ പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ അധികൃതര്‍ തൂക്കിക്കൊല്ലുകയോ അല്ലെങ്കില്‍ വെടിവെച്ചുകൊല്ലുകയോ ആകാമെന്ന് വിധി പ്രസ്താവത്തില്‍ പറയുന്നു.
യുദ്ധം നടക്കുന്ന സമയത്ത്, ജമാഅത്തെ ഇസ്‌ലാമിയുടെ ബംഗ്ലാദേശ് ഘടകത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇസ്‌ലാമി ഛാത്ര സംഘം സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്നു ഇയാള്‍. പാക്കിസ്ഥാന്‍ സൈന്യത്തിന് സഹായം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക സംഘത്തിന്റെ കമാന്‍ഡറുമായിരുന്നു ശഖാവത്ത്.
ഇതിന് ശേഷം ഇദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് വിട്ടുപോകുകയും ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനാലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും ചെയ്തു. മറ്റു ഏഴ് പേരെ മരണം വരെ ജയിലിലടക്കാനാണ് കോടതി വിധി. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ ഇവരും പങ്കാളികളായിരുന്നു.
2010ല്‍ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര ട്രൈബ്ര്യൂണല്‍ രൂപവത്കരിച്ചത്.