Connect with us

National

കുമ്മനത്തെ തള്ളി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് വേണ്ടി വീണ്ടും പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി. കെ ജി എസ് ഗ്രൂപ്പിന്റെ പുതിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തൃപ്തികരമെന്നും വനം പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന കെ ജി എസിന്റെ വാദവും മന്ത്രാലയം അംഗീകരിച്ചാണ് അനുമതി നല്‍കിയത്. കഴിഞ്ഞ മാസം 29, 30 തീയതികളില്‍ ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അമുമതി നല്‍കരുതെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷ വിദഗ്ധ സമിതി തള്ളി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുമ്പ് തത്വത്തില്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയതും പിന്നീട് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയതും സമിതി പരിഗണിച്ചു.
വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും വിമാനത്താവളത്തിനെതിരായ കേസുകളുടെ വിവരങ്ങള്‍ സമിതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച വിശദമായ പരിസ്ഥിതി മാനേജുമെന്റ് പ്ലാന്‍ തയ്യാറാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി തേടി കെ ജി എസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരുന്നു. ആദ്യം സമര്‍പ്പിച്ച അപേക്ഷയിലുണ്ടായിരുന്ന തെറ്റുകള്‍ തിരുത്തിയാണ് കെ ജി എസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരുന്നത്. റണ്‍വെ നിലവിലെ രൂപത്തില്‍ നിലനിര്‍ത്തണം എന്നും കൈത്തോട് പുനഃസ്ഥാപിക്കില്ലെന്നും അപേക്ഷയില്‍ കെ ജി എസ് വ്യക്തമാക്കിയിട്ടുണ്ട്.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ ആറന്മുളയല്ലാതെ 500 ഏക്കര്‍ ഒഴിഞ്ഞുകിടക്കുന്ന മറ്റൊരു സ്ഥലം ലഭ്യമല്ലെന്നും മൂന്നിലൊന്ന് പേര്‍ വിമാനയാത്ര നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ആറ് കോടി ആളുകള്‍ വര്‍ഷം തോറും ശബരിമലയിലെത്തുന്നുവെന്നും കെ ജി എസ് നേരത്തേ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് പുറമേ മറ്റൊരു വിമാനത്താവളം തെക്കന്‍ കേരളത്തില്‍ ആവശ്യമാണെന്നും അപേക്ഷയില്‍ കെ ജി എസ് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു.
ആറന്മുളയില്‍ പാരിസ്ഥിതികപഠനം നടത്തിയ ഏജന്‍സിക്ക് വേണ്ട യോഗ്യതയില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പദ്ധതിക്ക് കെ ജി എസ് ഗ്രൂപ്പ് അനുമതി തേടിയതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ വലിയ എതിര്‍പ്പുകളെ മറികടന്നാണ് കെ ജി എസ് ഗ്രൂപ്പിന്റെ അപേക്ഷക്ക് പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതി വീണ്ടും അംഗീകാരം നല്‍കിയിരിക്കുന്നത്.
എന്റെ വാദം കേട്ടില്ല

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠന സമിതിയുടെ ശിപാര്‍ശ വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ ഉറപ്പ് നല്‍കിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് കേന്ദ്രനിലപാട് വ്യക്തമാക്കുമെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അറിയിച്ചതായും കുമ്മനം വ്യക്തമാക്കി.
കെ ജി എസ് ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സമിതിയായി ഇ എ സി മാറിയിരിക്കുകയാണ്. പദ്ധതിക്കെതിരെ പരാതി നല്‍കിയ തന്റെ വാദങ്ങള്‍ കേള്‍ക്കാനോ നേരിട്ട് പരാതി ശേഖരിക്കാനോ തയ്യാറാകാതെ പദ്ധതിക്ക് പാരിസ്ഥിതികാനുമതിക്കുള്ള പഠനാനുമതി നല്‍കിയത് ദുരൂഹമാണ്. കോടികള്‍ മുടക്കിയ ഓഹരി ഉടമകളെ പ്രീതിപ്പെടുത്താനുള്ള കെ ജി എസിന്റെ വിഫല ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നിലെന്നും കുമ്മനം പറഞ്ഞു.