കോഴിക്കോട്ട് നിന്ന് ഇനി ആകാശവാണി വാര്‍ത്തകളില്ല

Posted on: August 11, 2016 6:10 am | Last updated: August 10, 2016 at 11:51 pm

AKASAVANIകോഴിക്കോട്: ‘ആകാശവാണി കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍.’ ഈ ശബ്ദം ഇനി അധികനാള്‍ കേള്‍ക്കില്ല. അരനൂറ്റാണ്ട് കാലം മലബാര്‍ ജനതക്ക് ആധികാരിക വാര്‍ത്താ അനുഭവം സമ്മാനിച്ച കോഴിക്കോട്ടെ വാര്‍ത്താ വിഭാഗം ചരിത്ര വിസ്മൃതിയിലേക്ക്. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്ന കോഴിക്കോട് വാര്‍ത്താ വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനൊരുങ്ങുകയാണ് അധികൃതര്‍. രാജ്യത്ത് സ്വകാര്യ എഫ് എം റേഡിയോകള്‍ അടക്കം വാര്‍ത്താ അവതരണത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇക്കാലയളവില്‍ അധികൃതരുടെ പെട്ടന്നുള്ള നീക്കം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. മലബാറിന്റെ സംസ്‌കാരം, സാമ്പത്തിക, സാമൂഹിക പ്രത്യേകതകള്‍ തുടങ്ങിയവ പരിഗണിച്ച് 1966ല്‍ തുടക്കം കുറിച്ച വാര്‍ത്താവിഭാഗം അടച്ചുപൂട്ടുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വാര്‍ത്താവിഭാഗത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച അനൗദ്യോഗിക നിര്‍ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി നിലയത്തില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ശക്തായ സാഹചര്യത്തിലാണ് 1966ല്‍ കോഴിക്കോട് വാര്‍ത്താ വിഭാഗം ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ രാജ്യത്ത് തന്നെ മാതൃകാപരമായ രീതിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു കോഴിക്കോട്ട വാര്‍ത്താ കേന്ദ്രം. ആകാശവാണിയുടെ പരിപാടികള്‍ സംബന്ധിച്ച് ശ്രോതാക്കളില്‍ നിന്നു ഫീഡ്ബാക്ക് ശേഖരിക്കുന്ന ഓഡിയന്‍സ് റിസര്‍ച്ച് വിംഗിന്റെ വിലയിരുത്തലില്‍ സംസ്ഥാനത്ത് മുമ്പന്തിയിലുള്ളത് രാവിലെ 6.45ന് കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാര്‍ത്തകളാണ്. വര്‍ഷങ്ങളായി റേറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുമ്പോഴും സേവനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം വന്നതിനെ സംശയത്തോടെയാണ് ഏവരും കാണുന്നത്.
നിലവില്‍ ഏഴ് വാര്‍ത്താബുള്ളറ്റിനുകളാണ് കോഴിക്കോട്ട് നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്. പത്ത് മിനിട്ട് വീതമുള്ള അഞ്ച് ബുള്ളറ്റിനുകള്‍ക്ക് പുറമേ രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള എഫ് എം പ്രധാനവാര്‍ത്തകളുമാണിത്. ഇതുകൂടാതെ ആനുകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്താതരംഗിണി, വാര്‍ത്താ പത്രിക, ജില്ല ാവൃത്താന്തം എന്നീ വാര്‍ത്താധിഷ്ഠിത പരിപാടികളും കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നു.
നാല് സ്ഥിരം ജീവനക്കാരും 60 കാഷ്വല്‍ ജീവനക്കാരുമാണ് കോഴിക്കോട്ടെ വാര്‍ത്താ കേന്ദ്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഓഫീസ് മാറ്റം തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക കാഷ്വല്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
മുമ്പും വാര്‍ത്താ പ്രക്ഷേപണം കോഴിക്കോട്ട് നിന്ന് മാറ്റാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ പൊടുന്നനെ ഇത്തരമൊരു നീക്കം സജീവമായതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന സംശയം ശ്രോതാക്കള്‍ക്കിടയില്‍ ശക്തമാണ്.