Connect with us

Kannur

കണ്ണൂര്‍ വിമാനത്താവളത്തിന് കപ്പല്‍ വഴി യന്ത്ര സാമഗ്രികള്‍

Published

|

Last Updated

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാവശ്യമായ യന്ത്രസാമഗ്രികള്‍ കപ്പലില്‍ അഴീക്കലിലെത്തിച്ചു. ഗ്രേയ്റ്റ് സീ വേമ്പനാട് എന്നു പേരുള്ള കപ്പലാണ് വിമാനത്താവളത്തിലേക്കുള്ള 105 ടണ്‍ യന്ത്ര സാമഗ്രികളുമായി അഴീക്കല്‍ തീരത്തടുത്തത്. കപ്പല്‍ചാലിന് ആഴം കുറഞ്ഞതിനാല്‍ ഒരു മണിക്കൂറോളം സമയം പുറം കടലില്‍ കപ്പലിന് നങ്കൂരമിടേണ്ടിവന്നു. പിന്നീട് വേലിയേറ്റ സമയത്താണ് കപ്പല്‍ തീരത്തടുത്തത്.
വിമാനത്തില്‍ ബോര്‍ഡിംഗിനായി യാത്രക്കാര്‍ക്ക് നടന്നുകയറാനുള്ള എയറോ പാസഞ്ചര്‍ ബിഡ്ജ് അടക്കമുള്ള സാമഗ്രികളാണ് 35 ടണ്‍ വീതമുള്ള മൂന്ന് കാര്‍ഗോയിലായി കപ്പല്‍ വഴിയെത്തിച്ചത്. ബ്രിഡ്ജിന് 66 അടി നീളം വരും. കോഴിക്കോട്ടു നിന്നെത്തിയ സംഘമാണ് ഇത് കരയിലിറക്കിയത്.
ചൈനയില്‍ നിന്ന് ഇറക്കുമതിചെയ്ത ബ്രിഡ്ജിന്റെ ഭാഗങ്ങള്‍ 26 മണിക്കൂര്‍ യാത്രക്ക് ശേഷമാണ് ഇവിടെയെത്തിയത്. ചൈനയില്‍ നിന്ന് 12 ദിവസമെടുത്താണ് കൊച്ചിയില്‍ ഇവയെത്തിച്ചത്. ബ്രിഡ്ജിന് 66 അടി നീളവും കൂടുതല്‍ ഉയരവുമുള്ളതിനാല്‍ കൊച്ചിയില്‍നിന്ന് റോഡുമാര്‍ഗം കൊണ്ടുവരാന്‍ പ്രയാസമായതിനാലാണ് കടല്‍മാര്‍ഗമെത്തിച്ചത്.യന്ത്ര സാമഗ്രികള്‍ ഇറക്കാനായി രണ്ട് ലക്ഷം രൂപയോളമാണ് ചിലവ് വന്നത്.അഴീക്കലില്‍ ഇറക്കി വച്ച യന്ത്രസാമഗ്രികള്‍ അടുത്ത ദിവസം മട്ടന്നൂരിലേക്ക് കൊണ്ട് പോകും.
ഗതാഗത തടസ്സമുണ്ടാകാത്ത വിധത്തില്‍ രാത്രിയായിരിക്കും വിമാനത്താവളത്തില്‍ ഇത് എത്തിക്കുക.കപ്പല്‍ചാലിന് ആഴം കുറഞ്ഞതിനാല്‍ കഴിഞ്ഞ 14മാസമായി ഇവിടെ ഒരു കപ്പല്‍ പോലുമെത്തിയിരുന്നില്ല.