Connect with us

Kerala

മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാനേജറെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു

Published

|

Last Updated

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിലെ തൊഴിലാളികള്‍ മനേജറെ ഓഫീസിനുള്ളില്‍ തടഞ്ഞുവെക്കുന്നു.

ഫറോക്ക്: മാസങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്തതില്‍ പ്രതിഷേധിച്ച് മാനേജറെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു.
കേരള സര്‍ക്കാറിന്റെ കീഴിലുള്ള തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംങ് ആന്റ് വീവിംങ് മില്‍സിലെ തൊഴിലാളികളാണ് മണിക്കൂറുകളോളം മാനേജര്‍ സാജിത് അബ്ബാസിനെ തടഞ്ഞുവെച്ചത്. കഴിഞ്ഞ 4 മാസത്തോളമായി സമയത്തിന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രധിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ബുധനാഴ്ച്ച വൈകീട്ട് 3.30 ഓടെ തുടങ്ങിയ ഘരാവോ ഓഫീസിനുള്ളില്‍ മണിക്കൂറുകളോളം തുടര്‍ന്നു. വൈകീട്ട് 7.30 ഓടെ പന്നിയങ്കര എസ് ഐ ക്യഷ്ണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം വിവിധ ട്രേഡ് യൂണിയനുകളിലെ ഒന്‍പതോളം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി.
സ്ത്രീകളടക്കം 300 ലതികം തൊഴിലാളികളുള്ള തിരുവണ്ണൂരിലെ കോട്ടണ്‍ മില്‍ സ്പിന്നിംങ്ങ്മില്‍ കമ്പനിയില്‍ ശമ്പളം നല്‍കേണ്ട തിയ്യതി കഴിഞ്ഞും ദിവസങ്ങളോളം ശമ്പളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എല്ലാമാസവും ഒന്നാം തിയ്യതി നല്‍കി കൊണ്ടിരുന്ന ശമ്പളം ലഭ്യമാക്കാത്ത അവസ്ഥയിലായതിന് ശേഷം ഓരോ മാസവും ശമ്പളം തൊഴിലാളികള്‍ക്ക് എന്ന് നല്‍കുമെന്നുള്ള അറിയിപ്പുകള്‍ പോലും മാസങ്ങളായി നല്‍കാറില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മുടങ്ങിക്കിടക്കുകയായിരുന്നു. വൈകീട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കമ്പനി പരിസരത്ത് പ്രകടനവും നടത്തി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ അഡ്വ.എം രാജന്‍, കെ ഉദയകുമാര്‍, കെ സി സുരേഷ്, ആര്‍ പുഷ്പരാജന്‍, കെ മോഹനന്‍, എം ജയരാജന്‍, എം സുധാകരന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.