Connect with us

National

അടിസ്ഥാനപരമായി താന്‍ ഒരു അധ്യാപകന്‍ മാത്രമാണെന്ന് രഘുറാം രാജന്‍

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് വീണ്ടും അവസരം ലഭിച്ചില്ലെങ്കിലും തനിക്കു ഖേദമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. അടിസ്ഥാനപരമായി താന്‍ ഒരു അധ്യാപകന്‍ മാത്രമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം തന്റെ പ്രധാന ജോലിയായി കണക്കാക്കാന്‍ കഴിയില്ലെന്നും രാജന്‍ പറഞ്ഞു. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു രാജന്റെ പ്രതികരണം.

ഞാന്‍ ആശയങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഞാന്‍ മികച്ച ഒരു ടീമിനൊപ്പം ചെയ്ത ജോലിയായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഞാന്‍ യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. എന്റെ പദ്ധതികളും അതിന് അനുസരിച്ചാണ്. ഗവര്‍ണര്‍ സ്ഥാനത്ത് ഞാന്‍ നിലനില്‍ക്കണോ എന്ന കാര്യത്തിലേക്കുള്ള ചര്‍ച്ചകള്‍ എങ്ങും എത്തിയിട്ടില്ല. കുറച്ചു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എന്റെ പദ്ധതിയനുസരിച്ച് 90-95 ശതമാനം ജോലിയും പൂര്‍ത്തിയായെങ്കിലും, റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ജോലി ഒരിക്കലും അവസാനിക്കുന്നില്ല- രാജന്‍ പറഞ്ഞു.