സൈബര്‍ സുരക്ഷയില്‍ കരുതലോടെ ഖത്വര്‍; ഐ ടി വിദഗ്ധരുടെ സമ്മേളനം ഒക്‌ടോബറില്‍

Posted on: August 10, 2016 8:17 pm | Last updated: August 10, 2016 at 8:17 pm

ദോഹ : സൈബര്‍ സുരക്ഷാ മേഖലയില്‍ ഖത്വര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഖത്വര്‍ നാഷനല്‍ ബേങ്ക് സര്‍വര്‍ ഹാക്ക് ചെയ്ത് 1.4 ജി ബി ഡാറ്റകള്‍ മോഷ്ടിച്ച് പരസ്യപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് രാജ്യം സൈബര്‍ സുരക്ഷയില്‍ അതീവ പ്രാധാന്യം നല്‍കുന്നത്. സൈബര്‍ സുരക്ഷ ദേശീയ മുന്‍ഗണനാ പട്ടികിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് സൈബര്‍ വിദഗ്ധരും ഇന്‍ഫര്‍മേഷന്‍ മേധാവികളും സംഗമിക്കുന്നു. ഒക്‌ടോബര്‍ 10ന് നടക്കുന്ന ഒമ്പതാമത് സൈബര്‍ ഡിഫന്‍സ് സമ്മിറ്റിലാണ് വിദഗ്ധര്‍ രാജ്യത്തെ സൈബര്‍ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തുക.
ബേങ്ക് ഡാറ്റ ഹാക്ക് ചെയ്ത സംഭവത്തിനു ശേഷം രാജ്യത്ത് ശക്തമായ സൈബര്‍ സുരക്ഷാ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ നിയമത്തില്‍ സുരക്ഷാ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. രാജ്യത്ത് നേരുന്ന സൈബര്‍ ആക്രമണ ഭീഷണികളെ സമയബന്ധിതമായും ശക്തമായും നേരിടുന്നതിനുള്ള പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
സൈബര്‍ സുരക്ഷക്ക് അക്കാദമിക് സിലബസില്‍ പ്രാധാന്യം നല്‍കാന്‍ നേരത്തേ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. സൈബര്‍ ഭീഷണികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ സൗജന്യ കോഴ്‌സിനും തുടക്കം കുറിച്ചിട്ടുണ്ട്. ഖത്വര്‍ നടത്തി വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതാകും സൈബര്‍ ഡിഫന്‍സ് സമ്മിറ്റിലെ വിദഗ്ധരുടെ സംഗമമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, ചീഫ് ഇന്‍മേഷര്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍, ഐ ടി സെക്യരിറ്റി മേധാവികള്‍ തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 120 വിദഗ്ധരാണ് സമ്മിറ്റില്‍ സംഗമിക്കുന്നത്.
ഫലപ്രദമായ സൈബര്‍ സുരക്ഷയാണ് സമ്മിറ്റിലെ പ്രധാന ചര്‍ച്ച. ആഗോള തലത്തിലും പ്രാദേശികാടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ ടി സുരക്ഷാ സ്ഥാപനങ്ങളും പങ്കെടുക്കും. ബിസിനസ് ഫെസിലിറ്റേഷന്‍ കമ്പനിയായ നസീബ യാണ് സമ്മിറ്റിന്റെ സംഘാടകരാകുന്നത്.
ടോക്ക് ഷോ, സെക്യൂരിറ്റി പ്രസന്റേഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ബ്രെയിന്‍സ്റ്റോമിംഗ് സെഷനുകള്‍ എന്നിവ സമ്മിറ്റില്‍ നടക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി ഐ ടി ഡയറക്ടര്‍ സമി അല്‍ ശമ്മാരി, വോഡഫോണ്‍ ഖത്വര്‍ ചീഫ് ടെക്‌നോളജി സെക്യൂരിറ്റി ഓഫീസര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍, ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ മാര്‍ക് ഡാസിയര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഉരീദു കോര്‍പറേറ്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി മുസ്തഫ ഹനീദ്, മീസ്‌ക് ഓയില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി പീറ്റര്‍ ബൗറിക്ടര്‍ തുടങ്ങിയവരും പങ്കെടുക്കും.