ഖത്വറില്‍ സഞ്ചാരികള്‍ കുറഞ്ഞു; ഗള്‍ഫ് സന്ദര്‍ശകര്‍ വര്‍ധിച്ചു വരുന്നു

Posted on: August 10, 2016 8:07 pm | Last updated: August 10, 2016 at 8:07 pm
SHARE

ദോഹ: രാജ്യത്ത് ആകെ സഞ്ചാരികളുടെ എണ്ണത്തില്‍ ആറു ശതമാനം ഇടിവ്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ ആറുമാസം ഖത്വറില്‍ സന്ദര്‍ശനം നടത്തിയത് 14 ലക്ഷം പേരാണ്. ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ജി സി സി രാജ്യങ്ങളില്‍ നിന്ന് 6,65,355 പേര്‍ എത്തി. സഊദി അറേബ്യയില്‍ നിന്നും 39,650 പേര്‍ അധികമായി ഖത്വര്‍ സന്ദര്‍ശിക്കാനെത്തി, പത്ത് ശതമാനമാണ് വളര്‍ച്ച. യു എ ഇ സന്ദര്‍ശകരില്‍ 13 ശതമാനവും ബഹ്‌റൈന്‍ സന്ദര്‍ശകരില്‍ ഒരു ശതമാനത്തിന്റെയും വര്‍ധനയുണ്ടായിട്ടുണ്ട്.
അതേസമയം മുന്‍വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ആകെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ആറു ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ മധ്യത്തിലായിരുന്നു റമസാന് തുടക്കമായത്. അതുകൊണ്ടുതന്നെ ജൂണ്‍ആദ്യത്തില്‍, റമസാന് മുന്നോടിയായി സന്ദര്‍ശകരുടെ എണ്ണം കൂടി. എന്നാലിത്തവണ ജൂണ്‍ ആദ്യത്തിലായിരുന്നു റമസാന്‍ തുടങ്ങിയത്. ഇത് സന്ദര്‍ശകരുടെ വരവിനെ ബാധിച്ചു.
ഈ മാസം ഖത്വര്‍ സമ്മര്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. സന്ദര്‍ശകരെ വലിയതോതില്‍ ആകര്‍ഷിക്കുന്നതിനായി പ്രധാന വേദികളിലെല്ലാം വ്യത്യസ്തങ്ങളായ ഗെയിമുകള്‍, വിനോദ, കലാസാംസ്‌കാരിക പരിപാടികള്‍ പുരോഗമിക്കുന്നു. ഈ മാസം 31വരെ ഫെസ്റ്റിവല്‍ തുടരും. തുടര്‍ന്ന് വലിയപെരുന്നാള്‍ ആഘോഷം നടക്കും. അതിനുശേഷം രാജ്യത്തേക്ക് ഏറ്റവുമധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നത് ക്രൂയിസ് ടൂറിസം സീസണ്‍ തുടങ്ങുന്ന ഒക്‌ടോബറിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി 32 ആഡംബര കപ്പലുകളാണ് ദോഹ തുറമുഖത്തെത്തുന്നത്. അമ്പതിനായിരത്തില്‍ അധികം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ക്രൂയിസ് സീസണേക്കാള്‍ പത്തിരട്ടി സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹ തുറമുഖം നവീകരിക്കുന്നതോടെ ഈ വളര്‍ച്ച തുടരുമെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആഡംബര കപ്പലുകളുടെ ഗള്‍ഫിലെ ഏറ്റവും ആകര്‍ഷകമായ കേന്ദ്രമായി ദോഹ തുറമുഖം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഹോട്ടലിലെ താമസ നിരക്കും മുറികളുടെ ശരാശരി നിരക്കും വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഇതത്തവണഹോട്ടലുകളിലേയും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലേയും താമസ നിരക്കില്‍ 15 ശതമാനമാണ് കുറവ് വന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തെ എല്ലാ ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലും ശരാശരി 64 ശതമാനമാണ് താമസനിരക്ക്.