ഹരിശങ്കറിന്റെ ഓര്‍മയില്‍ സഹതൊഴിലാളികള്‍

Posted on: August 10, 2016 7:29 pm | Last updated: August 12, 2016 at 10:17 pm
 ലേബര്‍ ക്യാമ്പില്‍ ഹരിശങ്കറിന്റെ  സഹ താമസക്കാരായിരുന്നതൊഴിലാളികള്‍
ലേബര്‍ ക്യാമ്പില്‍ ഹരിശങ്കറിന്റെ
സഹ താമസക്കാരായിരുന്നതൊഴിലാളികള്‍

അബുദാബി: സഹപ്രവത്തകന്റെ ആകസ്മിക മരണത്തിലും അനന്തര സംഭവങ്ങളിലും ഉണ്ടായ ഞെട്ടലില്‍ നിന്ന് മോചിതരാകാതെ കഴിയുകയാണ് തൊഴില്‍രഹിതരായ ഒരുപറ്റം തൊഴിലാളികള്‍.
കമ്പനി അധികൃതരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയിലധികം ആശുപത്രി മോര്‍ചറിയില്‍ ഹരിശങ്കറിന്റെ മൃതദേഹം കിടക്കേണ്ടി വന്നത് ബാക്കിയുള്ള തൊഴിലാളികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ലേബര്‍ ക്യാമ്പിലെ മുറിക്കുള്ളില്‍ സഹൃദയരുടെ കനിവ് കാത്ത് കഴിയുകയാണ് അബുദാബി മുസഫ്ഫ ലെജന്‍ഡ് പ്രൊജക്റ്റ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ തൊഴിലാളികള്‍. കമ്പനിയുടെ 21 തൊഴിലാളികളില്‍ ഒരാളായ ബീഹാര്‍ പാറ്റ്‌ന സ്വദേശി ഹരിശങ്കര്‍ ദേഹാസ്വാസ്ഥ്യം മൂലം മൂന്നാഴ്ച മുമ്പാണ് മരണപ്പെട്ടത്.
ഇവിടെയുള്ള തൊഴിലാളികള്‍ വിവിധതരം രോഗത്തിന് അടിമകളാണ്.പത്ത് മാസമായി ശമ്പളം ലഭിച്ചിട്ട്. കമ്പനിയുടെ തടവറയില്‍ നിന്നും മോചനത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കമ്പനിയുടെ കസ്റ്റഡിയിലാണുള്ളത്. പലരും യൂ എ ഇ യിലെത്തിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.
പലരുടേയും വീടുകളില്‍ നിരവധി ആവശ്യങ്ങളുണ്ടായെങ്കിലും പോകാന്‍ കഴിഞ്ഞില്ല. നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചു മരണപ്പെട്ട ഹരിശങ്കറും കമ്പനിയെ സമീപിച്ചിരുന്നു. ലീവ് അനുവദിക്കാമെന്ന് പറഞ്ഞ മാസങ്ങള്‍ കഴിഞ്ഞതല്ലാതെ ലീവ് അനുവദിച്ചില്ല. നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഹരിശങ്കര്‍ സാധനങ്ങള്‍ വാങ്ങിവെച്ചിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങള്‍ ഹരിശങ്കറിന്റെ മകനാണ് മൃതദേഹത്തിന്റെ കൂടെ കൊണ്ട് പോയത്. പാറ്റ്‌ന സ്വദേശി നന്ദ കിഷോറിന്റെ മാതാവിന് സുഖമില്ലാഞ്ഞിട്ട് മാസങ്ങളായി. മറ്റൊരു തൊഴിലാളി ദിലീപ് സിംഗിന്റെ വീട്ടിലും മാതാപിതാക്കള്‍ അസുഖത്തിന്റെ പിടിയിലാണ്. സ്വദേശത്തേക്കയക്കാമെന്ന് എല്ലാ ദിവസവും പറയുന്നതല്ലാതെ എന്ന് പോകാന്‍ കഴിയുമെന്ന് മാത്രം കമ്പനി പറയുന്നില്ല.
കമ്പനിയുടെ ഉറപ്പില്‍ വിശ്വാസമില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കൂട്ടത്തിലൊരാള്‍ മരണപ്പെട്ടപ്പോള്‍ തിരിഞ്ഞു നോക്കാത്ത കമ്പനി തങ്ങളെ സഹായിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത് . ഇവരുടെ വിസ റദ്ദ് ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. വിസ റദ്ദ് ചെയ്തതിന് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയതിന് തൊഴിലാളികള്‍ ഭീമമായ പിഴ ഒടുക്കണം.
പലരുടേയും പിഴ തുക 5000 ദിര്‍ഹമിന് മുകളിലാണ്. സ്ഥാനപതി കാര്യാലയം തങ്ങളുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി നാട്ടിലേക്ക് പോകുന്നതിനുള്ള സൗകര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 20 തൊഴിലാളികളില്‍ 9 പേര് ഇന്ത്യക്കാരാണ്. തങ്ങളുടെ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ദുരതത്തിലായ തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിന് ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസര്‍ അറിയിച്ചു.