Connect with us

Gulf

ഏഴാമത് ആര്‍ ടി എ സുരക്ഷാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

|

Last Updated

ആര്‍ ടി എ സുരക്ഷാ പുരസ്‌കാരം ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ സമ്മാനിക്കുന്നു

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ ഏഴാമത് സുരക്ഷാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഡ്രൈവര്‍ വിഭാഗത്തിലെ ബെസ്റ്റ് ട്രാം പുരസ്‌കാരം ആര്‍ ടി എ റെയില്‍ ഏജന്‍സി ജീവനക്കാരനും മലയാളിയുമായ അബ്ദുല്‍ നസീര്‍ മൊയ്തുട്ടി കരസ്ഥമാക്കി. ആര്‍ ടി എയുടെ വിവിധ പദ്ധതികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കണ്‍സള്‍ട്ടന്റുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കും എല്ലാ വര്‍ഷവും നല്‍കി വരുന്ന പുരസ്‌കാരമാണ് സേഫ്റ്റി അവാര്‍ഡ്.
ആര്‍ ടി എ ആസ്ഥാനത്തെ അല്‍ വസല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ ആര്‍ ടി എയുടെ വിവിധ സി ഇ ഒമാര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ പങ്കെടുത്തു.
എന്‍ജിനിയറിംഗ് സര്‍വീസ് കമ്പനിയായ സി എച്ച് ടു എമ്മിനാണ് മികച്ച സേഫ്റ്റി കണ്‍സള്‍ട്ടന്റ് പുരസ്‌കാരം. വന്‍കിട സംരംഭ വിഭാഗത്തിലെ സേഫ്റ്റി കണ്‍സള്‍ട്ടന്റ് പുരസ്‌കാരം ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി നേടി. അല്‍ ശഫര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി റണ്ണേഴ്‌സ് അപ് ആയി. ഇടത്തരം സംരംഭക വിഭാഗത്തില്‍ യുണൈറ്റഡ് മോട്ടോര്‍സ് ആന്‍ഡ് ഹെവി എക്വുപ്‌മെന്റ് ട്രേഡിംഗ് എല്‍ എല്‍ സി ജേതാക്കളായി. ദുബൈ ഡ്രൈവിംഗ് സെന്റര്‍ രണ്ടാം സ്ഥാനവും നേടി.
മികച്ച കോണ്‍ട്രാക്ടിംഗ് തൊഴിലാളിക്കുള്ള പുരസ്‌കാരം ബെല്‍ഹസ എന്‍ജിനിയറിംഗിലെ പട്ടേല്‍ റാഞ്ച്‌വുഡും രണ്ടാം സ്ഥാനം സെര്‍വ് യു എല്‍ എല്‍ സിയിലെ പപ്പു പവലും നേടി. മികച്ച ആര്‍ ടി എ സേഫ്റ്റി ലീഡര്‍ക്കുള്ള പുരസ്‌കാരം ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എന്‍ജി.മൈത ബിന്‍ അദിയ്യ് കരസ്ഥമാക്കി.
ആര്‍ ടി എ ഏജന്‍സികള്‍ക്ക് നല്‍കുന്ന മികച്ച ആരോഗ്യ-സുരക്ഷ-പരിസ്ഥിതി ടീമിനുള്ള പുരസ്‌കാരം റെയില്‍ ഏജന്‍സിക്കാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി രണ്ടാം സ്ഥാനം നേടി. അപകടങ്ങള്‍ കുറക്കുന്നതിനായി നടപ്പിലാക്കിയ വിവിധ സംരംഭങ്ങളാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ആര്‍ ടി എ സെക്ടറുകളിലെ മികച്ച ആരോഗ്യ-സുരക്ഷ-പരിസ്ഥിതി ടീമിനുള്ള പുരസ്‌കാരം കോര്‍പറേറ്റ് ടെക്‌നോളജി സര്‍വീസ് സെക്ടര്‍ നേടി.
ബെസ്റ്റ് മെയ്ന്റനന്‍സ് ടീം പുരസ്‌കാരം മികച്ച രീതിയില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയ ദുബൈ ടാക്‌സി കോര്‍പറേഷനിലെ സംഘത്തിനാണ്. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി ടീം രണ്ടാമതെത്തി.
പൊതുഗതാഗത മേഖലയില്‍ മികച്ച സുരക്ഷാ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഡ്രൈവര്‍ക്കുള്ള പുരസ്‌കാരത്തിന് നാഷണല്‍ ടാക്‌സി കമ്പനിയിലെ ദിയ അല്ലാ ഖാന്‍ കാമില്‍ ഖാന്‍ അര്‍ഹനായി. ഈ വിഭാഗത്തില്‍ മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയിലെ ബസ് ഡിപ്പാര്‍ട്‌മെന്റിലെ അബ്ദുല്‍ അസീസ് ഷാക്കിരി നേടി. ജല ഗതാഗത വിഭാഗത്തിലെ മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയിലെ മറൈന്‍ ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്‌മെന്റിലെ അഹ്മദ് മൊസ്‌മോജിനോയും ഇര്‍ഫാന്‍ പാദുല്ലിയും നേടി.

Latest