കൊച്ചി എടിഎം കവര്‍ച്ചാശ്രമം: പ്രതിയായ യുപി സ്വദേശി മരിച്ചനിലയില്‍

Posted on: August 10, 2016 5:25 pm | Last updated: August 10, 2016 at 5:25 pm
SHARE

deathകൊച്ചി: കാക്കനാട് വാഴക്കാലയില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് അന്‍സാര്‍ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് ഇമ്രാനെകുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇമ്രാനെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആഗസ്റ്റ് ആറിന് പുലര്‍ച്ചെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം ആണ് പ്രതികള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. എടിഎമ്മില്‍ മുഖം മറച്ചെത്തി കാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തശേഷമായിരുന്നു കവര്‍ച്ചാശ്രമം. കാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തതോടെ അത് പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് എടിഎമ്മിന്റെ മുന്‍വശമുള്ള ക്യാബിന്റെ ലോക്ക് ബ്ലേഡ്‌കൊണ്ട് അറുത്തുമാറ്റി പണം കവരാനായിരുന്നു ശ്രമം. എന്നാല്‍ ഇത് വിജയിക്കാതെ വന്നതോടെ പിന്തിരിയുകയായിരുന്നു.

ഇതെല്ലാം എടിഎമ്മിന്റെ മുന്‍വശത്തു സ്ഥാപിച്ചിട്ടുള്ള മറ്റൊരു ക്യാമറയില്‍ പതിഞ്ഞിരുന്നു. പക്ഷെ ഇവ യുവാക്കളെ തിരിച്ചറിയാന്‍ പാകത്തിലുള്ളതല്ലായിരുന്നു. വളരെ ദുര്‍ബലമായ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മികവ് വരുത്തിയശേഷമാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്.