എടിഎം തട്ടിപ്പ്: സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞു

Posted on: August 10, 2016 1:46 pm | Last updated: August 11, 2016 at 9:09 am

atm robberyതിരുവനന്തപുരം: ഹൈടെക് എടിഎം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞു. ഇയോണ്‍ ഫ്‌ലോറിന്‍ എന്ന ഇയാള്‍ ഖത്വറിലേക്കു കടന്നതായി പൊലീസ് അറിയിച്ചു. സംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ (27), ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍ ഫ്‌ലോറിയന്‍ (25) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ മുഖ്യപ്രതിയായ മരിയനെ കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവര്‍ വിദേശത്തേക്കു കടന്നതായാണു സൂചന. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി. അതേസമയം, സംഘത്തില്‍ നിരവധിപ്പേരുണ്ടെന്നും ഇവര്‍ക്കു രാജ്യാന്തരബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.

എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സൈ്വപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.

മുന്‍പ് ഇടപാടുകാരുടെ അജ്ഞത മുതലാക്കിയായിരുന്നു എടിഎം തട്ടിപ്പുകളെങ്കില്‍ ആദ്യമായാണ് വിവരങ്ങള്‍ ചോര്‍ത്തയെടുത്തുള്ള ഹൈടെക് തട്ടിപ്പ് കേരളത്തില്‍ നടക്കുന്നത്. തട്ടിപ്പുകാര്‍ രഹസ്യമായി കാമറ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചത് എസ്ബിഐയുടെ വെള്ളയമ്പലത്തെ എടിഎമ്മിലാണ്. പക്ഷെ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം അന്‍പതിലേറെപ്പേരുടെ പണം പിന്‍വലിച്ചത് മുംബൈയില്‍ നിന്നും.

കഴിഞ്ഞ ജൂണ്‍ 25നാണ് ഇവര്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിനായി ഇന്‍ര്‍പോള്‍ സഹായം തേടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.