Connect with us

Kerala

ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തും; 1464 ഓണച്ചന്തകള്‍ തുടങ്ങും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലം കണക്കിലെടുത്ത് 1464 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സപ്ലൈക്കോയ്ക്ക് 81.42 കോടി അനുവദിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ജില്ലകളിലും ഓണച്ചന്തക്കായി നാലുകോടി അറുപത് ലക്ഷം രൂപ നല്‍കും.

ഓണക്കാലത്ത് ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റ് അനുവദിക്കും. എന്‍.ഡി.എം.എസ് പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി നല്‍കും. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് എട്ടു കിലോ അരി ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. ഇത് കൂടാതെ രണ്ട് കിലോ കൂടി അധികം അനുവദിക്കും. ഇതിനായി 6025 മെട്രിക് ടണ്‍ അരി വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 38 മിനി ഓണം ഫെയറുകള്‍ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. ഓണക്കാലത്ത് പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കാന്‍ എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും. ജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിന് ഓഫീസര്‍മാരെ നിയമിക്കുമെന്നും പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest