കുടിശ്ശിക വിതരണം വൈകുന്നു; അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

Posted on: August 10, 2016 12:52 pm | Last updated: August 10, 2016 at 12:52 pm

AKSHAYAപനമരം: സര്‍ക്കാര്‍ ജനസേവനങ്ങള്‍ക്ക് നിശ്ചയിച്ച തുക കുറവായതിനാല്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍. അക്ഷയ കേന്ദ്രങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധതരം സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക കൊണ്ട് മാത്രം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

ജില്ലയിലെ 70 ഓളം അക്ഷയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം അവതാളത്തിലാണ്. അനുവദിച്ച ഗ്രാന്റ് പോലും കിട്ടിയില്ലെന്ന് ആക്ഷേപം. അക്ഷയ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ മന്‍മോഹന്‍സിംഗ് ഭരണ കാലത്ത് 2000 രൂപ ഗ്രാന്റ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വര്‍ഷം 2000 രൂപ ഗ്രാന്റ് വിതരണം ചെയ്യുകയും ചെയ്തതായി പറഞ്ഞു. കേരള, ഐ.ടി മിഷന്‍ ഓഫീസില്‍ തുകയെത്തിയെങ്കിലും വിതരണം ചെയ്യാനുളള ഉത്തരവ് എത്തിയില്ലെന്നാണ് അറിയുന്നത്. ജില്ലാ ഓഫീസില്‍ 2 ലക്ഷത്തോളം രൂപ വന്നിട്ടുണ്ട്. ഓണം അലവന്‍സായി 2000 രൂപ വേണമെന്നാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നത്.
തുടക്കത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാണെന്ന് പറഞ്ഞെങ്കിലും 2011 കാലങ്ങളില്‍ ആധാറും 2013 വില്ലേജ് സര്‍ട്ടിഫിക്കറ്റുകളും കൊടുക്കാനുളള സര്‍ക്കാര്‍ ഉത്തരവുണ്ടായി.

2002-ല്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ നിശ്ചയിച്ച തുകയാണ് 14 വര്‍ഷം കഴിഞ്ഞിട്ടും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. വര്‍ഷം തോറും പൊതു വിപണിയിലും അസംസ്‌കൃത വസ്തുക്കള്‍ക്കും വില നേരിടുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായി അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അക്ഷയ നടത്തിപ്പുകാര്‍ക്ക് ഉണ്ടാകുന്നത്.
തുടക്കത്തില്‍ ഒരു പേജ് സ്‌കാന്‍ ചെയ്യാന്‍ ഉപഭോക്താവിനോട് അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങുന്നത് രണ്ട് രൂപ മാത്രമാണ്. മറ്റു സ്ഥാപനങ്ങളില്‍ ഇത് 10 രൂപയും അതിന് മുകളിലുമാണ്.

സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ചെയ്യിക്കുന്ന വിവിധ സേവനങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികളുടെ സര്‍ക്കാര്‍ വിഹിതമായി ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കാത്തതും പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി പറയുന്നു.
പലപ്പോഴും സര്‍ക്കാര്‍ ഏല്‍പിക്കുന്ന ജോലികള്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് നിശ്ചയിച്ച നാമമാത്ര തുക ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു. ജില്ലയില്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലായി 300 ഓളം ആളുകള്‍ ജോലിചെയ്യുന്നതായാണ് അറിവ്. മാസത്തില്‍ ശരാശരി 25000 രൂപയാണ് വരുമാനമെങ്കിലും ഇതിനേക്കാള്‍ രൂപ ചിലവാകുന്നുണ്ടെന്ന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ പറയുന്നു.
എന്നാല്‍ ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

എസ്.സി.എസ്.ടി വിഭാഗത്തിലെ കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ച വകയില്‍ സ്ഥാപനങ്ങള്‍ക്ക് ഗവ. തുക നല്‍കാനുണ്ട്.
പല കേന്ദ്രങ്ങളിലും ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെ ശബളത്തിന് വെച്ചാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. അവര്‍ക്ക് നല്‍കേണ്ട തുക നടത്തിപ്പുകാര്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുളളത്. സ്വകാര്യ ഡി.റ്റി.പി സെന്ററുകള്‍ 10 രൂപ വാങ്ങുന്ന ജോലിക്ക് അക്ഷ കേന്ദ്രങ്ങാവുന്നത് നാലു രൂപയാണ്. ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് ചെയ്യുന്നതിന് പണം ഉപഭോക്താക്കളോട് വാങ്ങരുതെന്നാണ് നിയമം. ഒരു സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ പൂര്‍ണമായും അപ്‌ലോഡ് ചെയ്യണമെങ്കില്‍ 15 മുതല്‍ 20 മിനിട്ട് സമയം വേണം.

നേരത്തെ ചെയ്ത ജനസമ്പര്‍ക്ക പരിപാടി, റേഷന്‍ കാര്‍ഡ്, തണ്ടപ്പേര്‍ എന്നിവയുടെ ഡാറ്റാ എന്‍ട്രി തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അക്ഷകേന്ദ്രം ഉടമകള്‍ പറയുന്നു.
നിലവിലെ അക്ഷയകേന്ദ്രത്തിലെ കുടിശ്ശിക തീര്‍പ്പാക്കുക, അക്ഷയസെന്ററിന് ഭീഷണിയായി വരുന്ന സമാന്തര സര്‍വ്വീസ് നിര്‍ത്തലാക്കുക, നിലവിലുളള തുക മാറ്റി പുതിയവ തീരുമാനിക്കുക എന്നിങ്ങനെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗവണ്‍മെന്റിന് നിവേതനം കൊടുക്കാനുളള ഒരുക്കത്തിലാണ് സംഘടനയെന്ന് അക്ഷയകേന്ദ്രം ജില്ലാഅസോസിയേഷന്‍ ഐ.ടി എംബ്ലോയിസ് യൂണിയന്‍ പ്രസിഡന്റ് അനീഷ് ബി നായര്‍ പറഞ്ഞു