കരിപ്പൂര്‍ വിമാനത്താവള വികസനം; പ്രതിഷേധ കാറ്റുയര്‍ത്തി സമര സമിതി

Posted on: August 10, 2016 12:34 pm | Last updated: August 10, 2016 at 12:34 pm
SHARE

KARIPUR'മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെ ടി ജലീലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഇരകളുടെ ശക്തമായ പ്രതിഷേധം. കലക്ടറുടെ ചേമ്പറില്‍ ആദ്യം ജനപ്രതിനിധികളുമായും പിന്നീട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ സമരസമിതി പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. ഭൂമി നഷ്ടപ്പെടുന്നവര്‍ അവരുടെ ആശങ്കകളും ആവശ്യങ്ങളും മന്ത്രിക്ക് മുന്നില്‍ നിരത്തി.

പ്രതിഷേധം പലപ്പോഴും അതിരു കടന്നതോടെ പോലീസിന് ഇടപെടേണ്ടി വന്നു. അന്താരാഷ്ട്ര ടെര്‍മിനല്‍ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്തണമെന്നും ഭാവിയില്‍ ഭൂമിയേറ്റെടുക്കല്‍ നടത്താത്ത രീതിയില്‍ നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സമാന്തര ടാക്‌സിവേ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുത്താല്‍ മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സാങ്കേതിക സമിതി അനുകൂല നിലപാട് രേഖപ്പെടുത്തുകയാണെങ്കില്‍ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. എയര്‍പോര്‍ട്ടിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചും പരാതി ഉയര്‍ന്നു. എയര്‍പോര്‍ട്ട് സ്‌കൂളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും എയര്‍പോര്‍ട്ടിനകത്ത് നിന്ന് മാറ്റി ഈ സ്ഥലങ്ങള്‍ വികസനത്തിന് വിനിയോഗിക്കണം.

വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത 378 ഏക്കറില്‍ ഒഴിഞ്ഞ് കിടക്കുന്ന 50 സെന്റ് ഉപയോഗയോഗ്യമാക്കണം. വന്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാങ്കേതിക തടസമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കണം.
നേരത്തെ ഭൂമി ഏറ്റെടുത്ത് നഷ്ട പരിഹാരം നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി (സി എസ് ആര്‍) ഫണ്ട് പ്രദേശവാസികള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നും ആവശ്യമുയര്‍ന്നു. സമരസമിതിയുമായി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂയെന്നും നിര്‍ബന്ധമായ ഏറ്റെടുക്കല്‍ ഒരിക്കലും നടത്തില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. എം എല്‍ എമാരായ പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്‌റാഹിം, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ്, ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ഇ അഹമ്മദ് എം പിയുടെ പ്രതിനിധി പി കോയക്കുട്ടി, എയര്‍പോര്‍ട്ട് ജോയന്റ് ജനറല്‍ മാനേജര്‍ (എ ടി സി) കെ മുഹമ്മദ് ശാഹിദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here