Connect with us

Kerala

ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വീണ്ടും വിസ്തരിച്ചേക്കും

Published

|

Last Updated

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള 15 പേരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹരജി സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഇന്നലെ ഫയലില്‍ സ്വീകരിച്ചു. നാളെ ഇത് സംബന്ധിച്ച് വാദം കേള്‍ക്കും. കമ്മിഷന്റെ അഭിഭാഷകന്‍ സി ഹരികുമാറും ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രനുമാണ് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍മാനായിരുന്ന സലിംരാജ്, എബ്രഹാം കലമണ്ണില്‍, മല്ലേലില്‍ ശ്രീധരന്‍നായര്‍,തോമസ് കുരുവിള,ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനെര്‍ട്ട് ഉദ്യോഗസ്ഥരായ അനീഷ് എസ് പ്രസാദ് അല്ലെങ്കില്‍ രാജേഷ് നായര്‍, മുടിക്കല്‍ സജാദ്, എഡി ജി പി. എ ഹേമചന്ദ്രന്‍, പി സി ജോര്‍ജ് എം എല്‍ എ, സി എല്‍ ആന്റോ, ഡി വൈ എസ് പി ബിജോ അലക്‌സാണ്ടര്‍, റിജേഷ് എന്നിവരെയാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന അഭിഭാഷകന്‍ അജയ് ബെന്‍ ജോസിന്റെ അപേക്ഷ അംഗീകരിച്ച കമ്മിഷന്‍ ഈ മാസം 11 വരെ സമയം അനുവദിച്ചു.

അതേസമയം മുന്‍മന്ത്രി കെ ബാബു, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരുള്‍പ്പെടെ 21 പേരെ പുതുതായും കമ്മിഷന്‍ വിസ്തരിച്ചേക്കും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ എസ് വാസുദേവ ശര്‍മ്മ,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ബാലകൃ്ണന്‍,ഗണ്‍മാന്മാരായിരുന്ന പ്രദിപ്,രവി, അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി സുരേന്ദ്രന്‍,മുന്‍ എംഎല്‍എ ബാബു പ്രസാദ്,തോമസ് കൊണ്ടോടി,പോലിസ് ആസ്ഥാനത്തെ സൈബര്‍സെല്‍ എസി, ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍,ഡി വൈ എസ് പിമാരായ മുഹമ്മദ് ഷാഫി, റെഡി ജേക്കബ്,ജോസഫ്,ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി ആര്‍ രാമചന്ദ്രന്‍ നായര്‍,ഡല്‍ഹിയില്‍ പണം കൈമാറിയ ധീരജ്,കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടര്‍മാര്‍ എന്നിവരെയും പുതുതായി വിസ്തരിക്കണമെന്നാണ് ആവശ്യം.