പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഡി ജി പിമാര്‍ക്ക് സ്ഥലം മാറ്റം

Posted on: August 10, 2016 9:35 am | Last updated: August 10, 2016 at 9:35 am

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ഡി ജി പി മാരായ എ ഹേമചന്ദ്രന്‍, മുഹമ്മദ് യാസിന്‍, രാജേഷ് ദിവാന്‍, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവരെയാണ് സ്ഥലംമാറ്റിയത്. എ ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയായും എന്‍ ശങ്കര്‍ റെഡ്ഡിയെ എസ് സി ആര്‍ ബിയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മുഹമ്മദ് യാസിനെ കോസ്റ്റല്‍ പോലിസ് ഡയറക്ടറുമായാണ് നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അര്‍ഹരായ കേരളത്തില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാരില്‍ മുഹമ്മദ് യാസിനും, രാജേഷ് ദിവാനും തെരഞ്ഞെടുത്തിരുന്നു. സ്ഥലമാറ്റ ഉത്തരവിന് വിശദീകരണം ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ഇതു വരെ ലഭ്യമായിട്ടില്ല.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് മൂന്നാം തവണയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ എ ഡി ജി പി പത്മകുമാറിനേയും എറണാകുളം റൂറല്‍ എസ് പി യതീഷ്ചന്ദ്രയേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ സംസ്ഥാന പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെത്തന്നെ മാറ്റിയിരുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കേ സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച്ചകകം സംസ്ഥാന പോലീസ് മേധാവിയെ പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയക്ടറായി സ്ഥലം മാറ്റിയത് വന്‍ വിവാദമായിരുന്നു.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അവധിയെടുത്ത അദ്ദേഹം ഇനിയും സര്‍വീസില്‍ തിരികെ പ്രവേശിച്ചിട്ടില്ല. സെന്‍കുമാറിനൊപ്പം സ്ഥലം മാറ്റിയ വിജിലന്‍സ് ഡി ജി പി ശങ്കര്‍ റെഡ്ഡിക്കു പകരം ജേക്കബ് തോമസിനെ നിയമിച്ചിരുന്നെങ്കിലും ശങ്കര്‍ റെഡ്ഡിക്ക് പകരം സ്ഥാനം നല്‍കിയിരുന്നില്ല. അദ്ദേഹത്തെയാണ് ഇപ്പോള്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് നിയമിച്ചിട്ടുള്ളത്.