Connect with us

Kerala

ആരോഗ്യ പദ്ധതികള്‍ യു എന്‍ പരിപാടികളുമായി സമന്വയിപ്പിക്കും: കെ കെ ഷൈലജ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. വിവിധ മേഖലകളില്‍ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കോര്‍ത്തിണക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള രോഗാതുരതയും ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ക്കും അനുസൃതമായ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തയ്യാറാക്കുന്നതിന് കര്‍മ സമിതി രൂപീകരിച്ചു കഴിഞ്ഞു. അക്കദമിക്, ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തുള്ള വിദഗ്ധരാണ് സമിതി അംഗങ്ങള്‍.
മാതൃമരണ നിരക്ക് 2030ഓടെ100000 പ്രസവങ്ങളില്‍ 70ല്‍ താഴെയാക്കുകയാണ് ആദ്യ ലക്ഷ്യം.

ശിശുമരണ നിരക്ക് ലക്ഷ്യമായ 12 കേരളം ഇതിനോടകം തന്നെ കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്. 2030ഓടെ ഇത് എട്ട് ആക്കി മാറ്റും. മഹാമാരി-പകര്‍ച്ച വ്യാധികളായ ക്ഷയരോഗം, എയ്ഡ്‌സ് , മലേറിയ, എന്നിവ സമ്പൂര്‍ണമായി ഇല്ലാതാക്കും. മലമ്പനിയും മന്തും 2020 ഓടുകൂടി പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യും. ജീവിതശൈലീ രോഗബാധിതരായി മരണമടയുന്നവരുടെ എണ്ണം 30 ശതമാനമായി കുറക്കും. അപകടകരമായ രീതിയില്‍ മദ്യപിക്കുന്നവരുടെ ശതമാനം പകുതിയായി കുറക്കുകയാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മദ്യത്തിന്റെ ഉപയോഗം 10 ശതമാനമായി കുറക്കും. അതിനായി മദ്യത്തിന്റെ വീര്യം കുറക്കുന്നതിനും കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് കുറക്കുന്നതിനും എക്‌സൈസ് വകുപ്പിനോട് ശിപാര്‍ശ ചെയ്യും.

പൊണ്ണത്തടിയിലും പ്രമേഹത്തിലും നിലവിലെ സ്ഥിതി നിലനിര്‍ത്തും. രക്താതി സമ്മര്‍ദ ബാധിതരുടെ എണ്ണം 25 ശതമാനമായും പുകയിലയുടെ ഉപയോഗം 30 ശതമാനമായും കുറക്കും. വിദ്യാര്‍ഥികളിലെ വൈകാരിക പ്രശ്‌നങ്ങളും പെരുമാറ്റ വൈകല്യങ്ങളും 10 ശതമാനമാത്തിലേക്കും ആത്മഹത്യാ നിരക്ക് 24.9ല്‍ നിന്നും 16 ശതമാനത്തിലേക്കും താഴ്ത്തും. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണവും രോഗാതുരതയും നിലവിലുള്ളതില്‍ നിന്ന് 50 ശതമാനം കുറക്കുകയുമാണ് ലക്ഷ്യം.

Latest