Connect with us

National

കാശ്മീര്‍ പ്രക്ഷോഭം: ഒടുവില്‍ മൗനം വെടിഞ്ഞ് മോദി

Published

|

Last Updated

അലിജാപൂര്‍: ജനകീയ, പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാശ്മീര്‍ വിഷയത്തിലും മൗനം ഭഞ്ജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും കാശ്മീരിനെ സ്‌നേഹിക്കുന്നുണ്ടെന്നും എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കാശ്മീരിനുമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കശ്മീരി കുട്ടികള്‍ കൈയില്‍ കല്ലുകളെടുക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കാശ്മീരിനെ സ്‌നേഹിക്കുന്നുണ്ട്. എല്ലാ ഇന്ത്യക്കാരനുമുള്ള സ്വാതന്ത്ര്യം എല്ലാ കാശ്മീരികള്‍ക്കുമുണ്ട്. എല്ലാ കാശ്മീരി യുവാക്കള്‍ക്കും ശുഭകരമായ ഭാവി ഉറപ്പുവരുത്തല്‍ അനിവാര്യമാണ്. കശ്മീരികള്‍ക്ക് അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ കേന്ദ്രം സഹായിക്കാന്‍ തയ്യാറാണ്. ജനാധിപത്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയടക്കം പലവഴികളുമുണ്ട്. മാനവികത, ജനാധിപത്യം, കശ്മീരിയത എന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ മുദ്രാവാക്യത്തിലാണ് എന്റെ സര്‍ക്കാറും വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.

വഴിപിഴച്ച കുറച്ചാളുകളാണ് കശ്മീര്‍ താഴ് വരയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ അലിജാപൂര്‍ ജില്ലയില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ കാശ്മീര്‍ പ്രതികരണം. കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒരുമാസം പിന്നിടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇതാദ്യമായി പ്രതികരിക്കുന്നത്. സൈന്യത്തിന്റെ പെല്ലറ്റ് തോക്ക് പ്രയോഗത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധമുയരുന്നുണ്ട്.

Latest