Connect with us

International

കോടതി ബഹിഷ്‌കരിച്ച് അഭിഭാഷക പ്രതിഷേധം

Published

|

Last Updated

ഇസ്‌ലാമാബാദ്/ക്വറ്റ: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. അഭിഭാഷകരടക്കം 70 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ദേശീയ ദുഃഖദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ അഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
സീനിയര്‍ അഭിഭാഷകന് വെടിയേറ്റെന്നറിഞ്ഞ് ക്വറ്റയിലെ ആശുപത്രിയില്‍ തടിച്ചുകൂടിയ ഇരുനൂറോളം അഭിഭാഷകരെ ലക്ഷ്യമാക്കിയായിരുന്നു ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 40 അഭിഭാഷകരടക്കം 200ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഫോട്ടോ ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നു.
സ്‌ഫോടനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇസ്‌ലാമാബാദ്, ക്വറ്റ, കറാച്ചി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനങ്ങളും നടന്നു. ക്വറ്റയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഇന്നലെ അടഞ്ഞു കിടന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ബലൂചിസ്ഥാന്‍ പോലീസ് പ്രവിശ്യാ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Latest