പതാകയില്‍ ചൈനക്ക് പ്രതിഷേധം സംഘാടകര്‍ നക്ഷത്രമെണ്ണുന്നു !

Posted on: August 10, 2016 6:19 am | Last updated: August 10, 2016 at 12:20 am
SHARE

RIO FINAL EMBLOMഅമേരിക്കക്കൊപ്പം മെഡല്‍പ്പട്ടികയില്‍ കരുത്തറിയിക്കുമ്പോഴും ചൈനക്കാര്‍ സന്തുഷ്ടരല്ല. കാരണം റിയോയില്‍ മെഡല്‍ ദാന വേളയില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭമായി വാനിലുയരുന്ന പതാകയാണ് ! ആരും ഒന്ന് ഞെട്ടാതിരിക്കില്ല. സ്വന്തം രാജ്യത്തിന്റെ പതാക അസന്തുഷ്ടിക്ക് കാരണമാവുകയോ ?
അതേ, സ്വന്തം രാജ്യത്തിന്റെ പതാകയെ വികൃതമാക്കിയാല്‍ ഒരു രാജ്യക്കാരും കൈയ്യും കെട്ടി നോല്‍ക്കില്ല. ചൈനക്കാരും അതേ ചെയ്തുള്ളൂ. റിയോയില്‍ ഉയരുന്ന ചൈനീസ് പതാക യഥാര്‍ത്ഥമല്ല. അതില്‍ നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്ന അളവുകളില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകില്ലെങ്കിലും ചൈനക്കാര്‍ക്ക് അങ്ങനെയല്ല. ചൈനീസ് മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഇതേറ്റെടുത്തു കഴിഞ്ഞു. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ സ്റ്റേഷന്‍ (സിസിടിവ) ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ദേശീയ പതാക രാജ്യത്തിന്റെ അടയാളമാണ്, അതില്‍ പിഴവ് വരുത്തിയാല്‍ അംഗീകരിച്ചു കൊടുക്കുക പ്രയാസകരം എന്നായിരുന്നു സി സി ടി വി ഔദ്യോഗികമായി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
റിയോ ഒളിമ്പിക് കമ്മിറ്റി ഉടന്‍ തന്നെ ക്ഷമ ചോദിച്ച് രംഗത്തെത്തി. ഒളിമ്പിക് പതാകകള്‍ നിര്‍മിച്ച കമ്പനിയുമായി ഉടനടി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന് റിയോ ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചുവന്ന പതാകയില്‍ വലിയ നക്ഷത്രത്തിന് വലത് ഭാഗത്തായി നാല് കുഞ്ഞ് നക്ഷത്രങ്ങള്‍ വലയം ചെയ്ത് നില്‍ക്കുന്നതാണ് ചൈനീസ് പതാക. കുഞ്ഞു നക്ഷത്രങ്ങള്‍ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്നു. ഇവയെല്ലാം വലിയ നക്ഷത്രമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായി പൊരുത്തപ്പെട്ടു നില്‍ക്കുന്നുവെന്ന വിവക്ഷ. ഈ നക്ഷത്രങ്ങള്‍ വിന്യസിച്ചിരിക്കുന്നത് കൃത്യമായ അളവുകളിലാണ്. റിയോയിലെ പതാകയില്‍ ചിട്ടയില്ലാതെയാണ് ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനീസ് താരങ്ങള്‍ വെള്ളിയും വെങ്കലവും നേടിയ സാഹചര്യത്തില്‍ രണ്ട് പതാകകള്‍ വാനിലുയര്‍ന്നു.
അപ്പോഴാണ്, ചൈനീസ് ജേര്‍ണലിസ്റ്റുകള്‍ ഈ പിഴവ് ശ്രദ്ധിച്ചത്. തുടര്‍ന്നാണ് സി സി ടി വി വലിയ ക്യാംപയിനായി ഇതേറ്റെടുത്തത്.
അതിനിടെ സി സി ടി വിക്കും ഒന്നു പിഴച്ചു. ഒളിമ്പിക് മെഡല്‍പ്പട്ടികയില്‍ ഇന്ത്യക്ക് മെഡല്‍ നേടിയതായി ചേര്‍ത്തു. ഇന്തോനേഷ്യയുടെ സ്ഥാനത്ത് ഇന്ത്യന്‍ പതാക മാറിവെക്കുകയായിരുന്നു.
ആസ്‌ത്രേലിയന്‍ ചാനല്‍ 17 നും സമാനമായ അബദ്ധം പിണഞ്ഞു. ചൈനീസ് പതാക മറന്നു. ചാനലിന്റെ മെഡല്‍പ്പട്ടികയില്‍ ചൈനക്ക് ചിലിയുടെ പതാകയാണ് നല്‍കിയത്. ചാനല്‍ ഉടന്‍ തന്നെ ക്ഷമ ചോദിച്ചു.