ഗോസംരക്ഷകരും സാമൂഹിക ദ്രോഹികളും

Posted on: August 10, 2016 6:00 am | Last updated: August 10, 2016 at 12:13 am

SIRAJപശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ചിലര്‍ നടത്തുന്ന മനുഷ്യഹത്യയിലും കൊടുംക്രൂരതകളിലും മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി ഒടുവില്‍ മൗനം വെടിയുകയും അഭിനവഗോസംരക്ഷകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. രാത്രി സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകലില്‍ ഗോസംരക്ഷകരായി രംഗത്തു വരുന്നതെന്ന് അഭിപ്രായപ്പെട്ട മോദി ഗോസംരക്ഷണമെന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കലല്ലെന്ന് ഓര്‍മപ്പെടുത്തുകയുണ്ടായി. പശുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണം. എന്നാല്‍ അതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കരുത്. അത്തരക്കാരോട് തനിക്ക് കഠിന വെറുപ്പാണ്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഗോസംരക്ഷണ സംഘടനകളുടെ ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയ മോദി പ്രസ്തുത സംഘങ്ങളുടെ പട്ടിക തയാറാക്കാനും അവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയുമുണ്ടായി.
ഏറെ വൈകിപ്പോയി പ്രധാനമന്ത്രി വായ തുറക്കാന്‍. മാസങ്ങളായി ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് സംഘ്പരിവാറിന്റെ തേര്‍വാഴ്ചയാണ്. ഇതേചൊല്ലി മുസ്‌ലിംകളെയും ദളിതരെയും വ്യാപകമായി വേട്ടയാടി. അതിനിഷ്ഠൂരമായി കൊലപ്പെടുത്തി. ഭീകരമര്‍ദ്ദന മുറകള്‍ അഴിച്ചുവിട്ടു. ഇവരെ നിലക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. വിദേശത്തും നമ്മുടെ നാടിന് ഇത് ദുഷ്‌പേര് സൃഷ്ടിച്ചു. ബറാക് ഒബാമ ഹിന്ദുത്വ ഫാസിസത്തിന്റെ തേര്‍വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴൊന്നും മോദി ‘ക മ’ ശബ്ദിച്ചില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആര്‍ എസ് എസ് നടത്തിയ സര്‍വേ ഫലം പുറത്തുവന്നപ്പോഴാണ് ഇനിയും മിണ്ടാതിരുന്നാല്‍ കാര്യം അപകടമാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. ഗോസംരക്ഷണത്തെച്ചൊല്ലി അരങ്ങേറുന്ന അതിക്രമങ്ങള്‍ ഗുജറാത്തിലെ ഹിന്ദുവോട്ട് ബേങ്കില്‍ കാര്യമായ വിള്ളല്‍ സൃഷ്ടിച്ചുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് ബി ജെ പിയെ കൈവിടുമെന്നുമാണ് ശാഖാ തലങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയില്‍ ബോധ്യമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദളിതരുടെ കൂടി വോട്ട് കൊണ്ടാണ് ബി ജെ പി അധികാരത്തിലേറിയത്. ചത്ത പശുവിന്റെ തോല്‍ പൊളിച്ചതിന് ദളിതരെ ക്രൂരമായി മര്‍ദിച്ച സംഭവമാണ് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യം മാറ്റിമറിച്ചത്. ഇതോടെ ദളിത് സമൂഹത്തില്‍ ബി ജെ പി വിരുദ്ധ വികാരം ശക്തമാണ്. ഈ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് പോകുമെന്നും 182 അംഗ സംസ്ഥാന നിയമസഭയില്‍ 60നും 65നും ഇടയിലായി ബി ജെ പിയുടെ സീറ്റുകള്‍ ചുരുങ്ങുമെന്നും സര്‍വേ ഫലം കാണിക്കുന്നു.
അതിനിടെയാണ് രാജസ്ഥാനില്‍ പട്ടിണിയും വൃത്തിഹീനമായ സാഹചര്യവും കാരണം പശുക്കള്‍ വ്യാപകമായി ചത്തൊടുങ്ങുന്ന വിവരം പുറത്തുവന്നത്. രാജസ്ഥാനിലെ പശുസംരക്ഷണ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ വാരത്തില്‍ 500 ഓളം പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ ചാണകം കുന്നുകൂടി വൃത്തിഹീനമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് പശുക്കള്‍ മാരകമായ രോഗങ്ങള്‍ ബാധിച്ചു ദുരിതാവസ്ഥയിലാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ അവശ നിലയിലുമാണ്. വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നും പശുക്കള്‍ ചത്തൊടുങ്ങുന്നുണ്ട്. ഗോസംരക്ഷണത്തിന് ഗോവധ നിരോധമെന്ന സംഘ്പരിവാര്‍ സംഘടനകളുടെ വാദത്തിന്റെ പൊള്ളത്തരത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പശുക്കള്‍ക്ക് ദിവ്യത്വമുണ്ടെന്ന വിശ്വാസത്തിലല്ല, ആദായകരമായ തൊഴിലെന്ന നിലയിലാണ് കര്‍ഷകര്‍ പശുക്കളെ വളര്‍ത്തുന്നത്. കറവ വറ്റുകയും അനാദായകരമാകുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ അവയെ ഉപേക്ഷിക്കും. സാമൂഹികമായി ഇത് വലയി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയതാണ്.
എങ്കിലും ദളിതരെ ചൊല്ലി ഗോസംരക്ഷകരെ കൈയൊഴിയാനോ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തുനിയുമെന്ന് കരുതുന്നത് വെറുതെ. സംഘ്പരിവാറിന്റെ ആഭിമുഖ്യത്തില്‍ രൂപവത്കൃതമായതാണ് ഗോസംരക്ഷണ സംഘടനകള്‍. അമിത് ഷാ തുടങ്ങി മിക്ക മുതിര്‍ന്ന ബി ജെ പി നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണ് സംഘടനകളെ നയിക്കുന്നവര്‍. മാത്രമല്ല, ഗോസംരക്ഷകര്‍ക്കെതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു മഹാ സഭ സംഘടനകള്‍ രംഗത്തുവന്നിട്ടുമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് വി എച്ച് പിയുടെ മുന്നറിയിപ്പ്. ഇവരെയൊക്കെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രിക്ക് മുന്നോട്ട് പോകാനാകുമോ? പ്രധാന മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയക്കുമെന്നാണ് ഹിന്ദു മഹാ സഭയുടെ ഭീഷണി. ഇവരെയോക്കെ അവഗണിച്ചു മുന്നോട്ട് പോകാന്‍ മോദിക്കാകുമോ?