Connect with us

Sports

ഫെല്‍പ്‌സിന്റെ ശരീരത്തിലെ പാടുകള്‍ ഹിജാമയുടേത്‌

Published

|

Last Updated

റിയോ: ഒളിമ്പിക്‌സ് വേദിയിലെ നീന്തല്‍കുളത്തില്‍ നിന്ന് പത്തൊമ്പതാമത്തെ സ്വര്‍ണമെഡല്‍ മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സിനെ കഴിഞ്ഞ ദിവസം കായിക ലോകം ഏറെ ചര്‍ച്ച ചെയ്തു. ഫെല്‍പ്‌സിന്റെ പ്രകടനം മാത്രമായിരുന്നില്ല കാരണം, അദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ട ചുവന്ന അടയാളത്തിലേക്കായിരുന്നു മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരുടെയും ശ്രദ്ധ. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. പച്ച കുത്തുന്നിതിന് പകരമായി പുതിയ ടാറ്റൂവാണെന്നും ചര്‍മത്തിലെ ഏതെങ്കിലും രോഗത്തിന്റെ പാടുകളാണെന്ന് വരെ സംശയങ്ങളുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് ടാറ്റുവും രോഗവുമൊന്നുമല്ലെന്ന് വ്യക്തമായത്.
പ്രവാചക ചികിത്സാ രീതിയായ ഹിജാമ (കൊമ്പ് വെക്കല്‍) ചെയ്തതിന്റെ വൃത്താകൃതിയിലുള്ള പാടുകളായിരുന്നു ഫെല്‍പ്‌സിന്റെ ശരീരത്തില്‍ പലയിടത്തായി കണ്ടത്. ചൈനയില്‍ കപ്പിംഗ് തെറാപ്പി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. പിന്നീട് ഫെല്‍പ്‌സ് മാത്രമല്ല, റിയോ ഒളിമ്പിക്‌സിനെത്തിയ പല താരങ്ങളിലും ഈ പാടുകള്‍ കണ്ടെത്തുകയുണ്ടായി. അമേരിക്കന്‍ താരങ്ങളില്‍ കൂടുതലും ഹിജാമ ചികിത്സ നടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെല്‍പ്‌സിന്റെ ശരീരത്തിലെ അടയാളങ്ങള്‍ വാര്‍ത്തയായതോടെ അദ്ദേഹം പിന്നീട് ഹിജാമ ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടു. ശരീരത്തില്‍ ചെറിയ കപ്പുകള്‍ പതിപ്പിച്ചാണ് ഹിജാമ തെറാപ്പി ചെയ്യുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വേദനകള്‍ക്കും ചര്‍മ രോഗങ്ങള്‍ക്കുമെല്ലാം ഫലപ്രദമാണ് ഹിജാമ. മാനസികമായ ഉന്മേഷവും ഇതിലൂടെ ലഭ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളത്തിലും ഈ ചികിത്സാ രീതി വ്യാപകമാണ്.

---- facebook comment plugin here -----

Latest